ദാവോസ്: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ചത് ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണെന്നു പറഞ്ഞാണ് മോദി ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത്.
ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി ജനങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞത്.ലോക സാമ്പത്തിക ഫോറത്തിന്റെ 48-ാമത് ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ‘വീമ്പുപറച്ചില്‍’.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയെ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത് രാജ്യത്തെ 600 കോടി വോട്ടര്‍മാരാണെന്നാണ് മോദി പറഞ്ഞത്.
ഇന്ത്യയില്‍ ആകെ ജനസംഖ്യ 130 കോടിയും മൊത്തം വോട്ടര്‍മാരുടെ എണ്ണം ഏകദേശം 80 കോടിയുമാണെന്നിരിക്കെയാണ് പ്രധാനമന്ത്രിക്ക് നാക്കു പിഴച്ചത്. വിവാദമായതോടെ പുറത്തുവിട്ട രേഖകളില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്ന 600 കോടി പരാമര്‍ശം നീക്കം ചെയ്തതായാണ് വിവരം.
രാജ്യത്തെ സംബന്ധിച്ച് അടിസ്ഥാനകാര്യങ്ങള്‍ പോലും അറിയാതെയാണോ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതെന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ ചുവടു പിടിച്ച് മോദിക്കെതിരെ നിരവധി ട്രോളുകളും ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായിട്ടുമുണ്ട്.