ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുക്തകണ്ഠം പ്രശംസിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. മോദിയുടെ ശ്രമങ്ങള്‍ ഷോ കാണിക്കുന്നതല്ലെന്ന് വ്യവസായ സമിതിയായ അസോചം ഫൗണ്ടേഷന്റെ യോഗത്തില്‍ ടാറ്റ പറഞ്ഞു. പുതിയ പാര്‍ലമെന്റ് സമുച്ചയം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ ഗ്രൂപ്പിന് കിട്ടിയതിന് പിന്നാലെയാണ് ചെയര്‍മാന്റെ പ്രതികരണം.
‘വര്‍ഷങ്ങളായി ഞാന്‍ ബിസിനസിലുണ്ട്. പ്രധാനമന്ത്രി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ ഞാന്‍ ആദരവോടെ കാണുന്നു. സാമ്പത്തിക രംഗം താഴോട്ടു പോകുന്നതിന്റെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം മികച്ചതാണ്. നിങ്ങള്‍ നേതൃത്വം ഏറ്റെടുത്തു. ഒളിച്ചോടാതെ രാജ്യത്തെ മുമ്പില്‍ നിന്നു നയിച്ചു’ – ടാറ്റ പറഞ്ഞു.
കോവിഡ് മഹാമാരിക്കിടെ മോദിയെ പ്രശംസിച്ച് രംഗത്തെത്തുന്ന രണ്ടാമത്തെ വ്യവസായി ആണ് രത്തന്‍ ടാറ്റ. നേരത്തെ അംബാനിയാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നത്.
നിങ്ങളുടെ നേതൃത്വത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇവിടെ പ്രതിപക്ഷമുണ്ട്, അസംതൃപ്തിയുണ്ട്. എന്നാല്‍ ഒളിച്ചോട്ടമില്ല. നിങ്ങള്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നു. കുറച്ചു നേരം രാജ്യത്തെ വിളക്കണക്കമെന്ന് ആവശ്യപ്പെട്ടു. നിങ്ങളാണ് അതു സാധിച്ചത്. ഇത് ഷാ കാണിക്കുന്നതോ പുറമേക്ക് കാണിക്കുന്നതോ അല്ല. രാജ്യത്തെ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു കൊണ്ടു പോകുന്നതാണ്’
രത്തന്‍ ടാറ്റ
കോവിഡിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനമാണ് കുറഞ്ഞിരുന്നത്. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ അത് 7.5 ശതമാനമായി ചുരുങ്ങി. സാമ്പത്തിക മേഖലയിലും തൊഴില്‍ മേഖലയിലും മോദിയുടെ പ്രവര്‍ത്തനങ്ങളെ ടാറ്റ ശ്ലാഘിച്ചു.
മോദിയുടെ നേതൃത്വത്തിന് കീഴില്‍ തൊഴിലും വ്യവസായവും നേട്ടങ്ങളുണ്ടാക്കി. നമ്മള്‍ ചെയ്യാനുള്ള കാര്യങ്ങളില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ഈ ബുദ്ധിമുട്ടേറിയ വേളയില്‍ രാജ്യത്തെ നയിക്കുന്നതിന് നന്ദി അറിയിക്കുന്നു. നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്- ടാറ്റ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പുതിയ പാര്‍ലമെന്റ് നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ പ്രൊജക്ട് 861.90 കോടിക്കാണ് സ്വന്തമാക്കിയത്. ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, പലോന്‍ജി ആന്‍ഡ് കമ്പനി എന്നിവയെ മറികടന്നാണ് ടാറ്റ പ്രൊജക്ട് സ്വന്തമാക്കിയിരുന്നത്.