മലപ്പുറം: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീകരതയുടെ ഈറ്റില്ലവും പോറ്റില്ലവുമായ രാജ്യമായ ഇസ്രായേലുമായി ചേര്‍ന്ന് ഭീകരതയെ നേരിടുക എന്നത് എത്ര അര്‍ത്ഥ ശൂന്യമായ നിലപാടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഫലസ്തീനിലും മറ്റു അയല്‍ രാജ്യങ്ങളിലും ഇസ്രായേല്‍ നടത്തിയിട്ടുള്ള ഭീകര ആക്രമണങ്ങള്‍ തുല്യതയില്ലാത്തതാണ്.
ഫലസ്തീനെ മറന്നു കൊണ്ടുള്ള ഏത് സമീപനവും ഇന്ത്യയുടെ പാരമ്പര്യത്തിനും മുന്‍ പ്രധാനമന്ത്രിമാരുടെ നിലപാടിനും എതിരാണ്. മഹാത്മാ ഗാന്ധിയുടെ കാലം മുതലേ ഇന്ത്യ സ്വീകരിച്ച സമീപനം പൊളിച്ചെഴുതുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇസ്രയേല്‍ സന്ദര്‍ശ വേളയില്‍ തൊട്ടടുത്തുള്ള ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ മോദി തയ്യാറാവുന്നില്ല എന്നത് ആ രാജ്യത്തോടുള്ള നമ്മുടെ നിലപാടിലെ മാറ്റമായി വിലയിരുത്തപ്പെടുന്നു. ഫലസ്തീന്‍ വിഷയത്തില്‍ എന്നും അനുകൂല നിലാപടായിരുന്നു ഇന്ത്യയുടേത്.
1947 ല്‍ ഇസ്രയേല്‍ രാഷ്ട്ര രൂപീകരണത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യമാണ് നമ്മുടേത്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബി ഇതര രാജ്യവും ഇന്ത്യയാണ്. യാസര്‍ അറഫാത്ത് റാമള്ളയിലെ വീട്ടുതടങ്കലിലായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇ. അഹമ്മദ് സാഹിബ് രാജ്യത്തിന്റെ പിന്തുണ അറിയിക്കുക വരെ ചെയ്തിട്ടുണ്ട്. 2015 ജൂലൈയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രയേലിനെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത് മുതല്‍ ഗവണ്മെന്റിന്റെ നയവ്യതിയാനം പ്രകടമായിരുന്നു.
അന്താരാഷ്ട്രവേദികളില്‍ ഫലസ്തീനെ അനുകൂലിച്ച് വോട്ടുചെയ്യുന്നതായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള കീഴ്‌വഴക്കം. ഫലസ്തീന്റെ കണ്ണുനീര്‍ കാണാതെയുള്ള ഈ നയവ്യതിയാനം അന്താരാഷ്ട്ര സമൂഹവും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. ഇന്ത്യയുടെ ചേരിചേരാ നയം അന്താരാഷ്ട്ര സമൂഹത്തില്‍ നമുക്കു നല്‍കിയിരുന്ന ഖ്യാതി നഷ്ടപ്പെടുത്തുന്ന ഭരണ കൂടത്തിന്റെ പുതിയ സമീപനങ്ങളില്‍ പുനര്‍ചിന്ത ഉണ്ടാവേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. യാസര്‍ അറഫാത്തിന്റെ കൂടെയുള്ള രാജീവ് ഗാന്ധി, ഇ അഹമ്മദ് എന്നിവരുടെ ഫോട്ടോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.