ന്യൂഡല്‍ഹി: ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട് എന്നിവ അവസാനിപ്പിക്കുമെന്ന അവകാശ വാദത്തോടെ നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുലിന് പിന്നാലെ മോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തി. നോട്ട് നിരോധനം ഒരു ഫലവും ഉണ്ടാക്കിയില്ല. അതിനാല്‍ ഇത്തരമൊരു പാഴായ ഉദ്യമം നടത്തിയത് എന്തിനെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയുണ്ട്. കള്ളപ്പണം വ്യാപകമാണെന്ന് ആരോപിച്ച് നോട്ട് നിരോധനം നടത്തിയ മോദിക്ക് 99.3 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ കള്ളപ്പണം വെള്ളപ്പണമായതെങ്ങനെയെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം കഴിഞ്ഞിട്ട് 21 മാസം. 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി, പണം ഏഴ് വര്‍ഷത്തെ ഉയര്‍ന്ന അളവില്‍, ബാങ്ക് നിക്ഷേപങ്ങള്‍ കുത്തനെ ഇടിഞ്ഞു, വ്യാജ കറന്‍സികള്‍ വ്യാപകമായി, ഭീകരവാദം തുടരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ കള്ളപ്പണം വെള്ളപ്പണമാക്കിയത് എങ്ങനെ എന്ന് വ്യക്തമാക്കണം സിബല്‍ ആവശ്യപ്പെട്ടു.
ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട് എന്നീ മൂന്ന് മേഖലയിലും മോദിയുടെ നോട്ട് നിരോധനം പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ മോദി സര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണവും, ഹവാല ഇടപാടുകള്‍, ഭീകര പ്രവര്‍ത്തനം എന്നിവ തടയാന്‍ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും നോട്ട് നിരോധിക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളില്‍ 14.31 ലക്ഷം കോടിയും തിരിച്ചെത്തിയതായി (99.3 ശതമാനം) കഴിഞ്ഞ ദിവസം ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനം ന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍.