X

ജമ്മുകശ്മീര്‍ വീണ്ടും സംസ്ഥാനമാകുമോ : സര്‍വ്വകക്ഷിയോഗം ഇന്ന്

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച സര്‍വ കക്ഷി യോഗം ഇന്ന്. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീരിലെ പാര്‍ട്ടികള്‍ ഇന്നലെ തീരുമാനിച്ചിരുന്നു.
ആറു പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണം എന്ന ആവശ്യം യോഗത്തില്‍ മുന്നോട്ടു വെക്കാനാണ് തീരുമാനിച്ചത്. ഒപ്പം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് മാത്രം പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ത്തും. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഏറ്റെടുക്കില്ല എന്ന സൂചനയാണ് പ്രതിപക്ഷ നിരയില്‍ നിന്നും കോണ്‍ഗ്രസ് നല്‍കുന്നത്. ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണം എന്ന് ആവശ്യപ്പെടാന്‍ മന്‍മോഹന്‍ സിങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു. എന്നാല്‍ 370-ാം വകുപ്പ് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാല്‍ ബിജെപി അത് ആയുധമാക്കിയേക്കും എന്നാണ് യോഗത്തിലുയര്‍ന്ന വികാരം.
പ്രതിപക്ഷ നിരയിലെ ഈ വ്യത്യസ്ത നിലപാട് കേന്ദ്രസര്‍ക്കാരിന് ആയുധമാകും. അതേ സമയം കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ സഹായം കശ്മീരില്‍ സമവായത്തിനായി കേന്ദ്രം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭ അംഗത്വം ഒഴിഞ്ഞെങ്കിലും ഡല്‍ഹിയിലെ വീട്ടില്‍ തുടരാന്‍ സര്‍ക്കാര്‍ ഗുലാംനബി ആസാദിനെ അനുവദിച്ചിരിക്കുകയാണ്.
സര്‍വ്വകക്ഷി യോഗത്തിന് മുമ്പ് ഇന്ത്യ -പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ക്കിടയിലെ ചര്‍ച്ച നടക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ കേന്ദ്രം തയാറെടുക്കുന്നതിന് മുന്നോടിയായാണ് സര്‍വകക്ഷി യോഗമെന്നാണ് പുറത്തു വരുന്ന സൂചന.

Test User: