X

മോദിയെ പുകഴ്ത്താന്‍ വിചിത്ര വാദവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വാദവുമായി ബി.ജെ.പി ലോക്‌സഭാംഗം കിരിത് സോമയ്യ. ലോക്‌സഭയിലാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. ‘കിഴക്കു നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും അദ്ദേഹം ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ആ നേതാവാണ് മോദി’- കിരിത് സോമൈയ പറഞ്ഞു. ലോക്‌സഭാ ചര്‍ച്ചകളില്‍ നോട്ടു നിരോധനം പ്രതിപക്ഷം ഉയര്‍ത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബജറ്റിനെക്കുറിച്ച് പരാര്‍ശിക്കുമ്പോഴെല്ലാം നോട്ടു നിരോധനത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കാണാന്‍പോലുമില്ലാത്ത കോണ്‍ഗ്രസ് നോട്ടുനിരോധനത്തെക്കുറിച്ച് പറയാന്‍കൂടി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തത്വചിന്തകനായ നോസ്ട്രഡാമസ് ഒട്ടേറെ ചരിത്ര സംഭവങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തിയെന്നാണ് ഐതിഹ്യം. ഹിറ്റ്‌ലറുടെ ഉദയവും ലേക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയുമടക്കം അദ്ദേഹം പ്രവചിച്ചിരുന്നതായി പ്രചാരണമുണ്ട്. നേരത്തെ സമാന പരാമര്‍ശം കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു തന്റെ ഫെയസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്ന് 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതായാണ് റിജ്ജു പറഞ്ഞത്.

chandrika: