ദഹോദ് (ഗുജറാത്ത്): വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയുമായി ഗുജറാത്തിലെ ബി.ജെ.പി നേതാവ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ കണ്ടെത്താന്‍ നരേന്ദ്രമോദി പോളിങ് ബൂത്തുകളില്‍ സി.സി.ടി.വി വെച്ചിട്ടുണ്ടെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ ആയ രമേശ് കത്താറ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞത്. ദഹോദിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജസ്വന്ത്‌സിങ് സുമന്‍ഭായ് ബഹാദോറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പാര്‍ട്ടി എം.എല്‍.എ വോട്ടര്‍മാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും വോട്ട് ചെയ്യുന്നത് ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പ്രധാനമന്ത്രി മോദി ഇത്തവണ ബൂത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏതെങ്കിലും ബൂത്തില്‍ വോട്ട് കുറഞ്ഞാല്‍, തനിക്ക് വോട്ടുചെയ്യാതിരുന്നത് ആരാണെന്ന് കണ്ടെത്താന്‍ പ്രധാനമന്ത്രി മോദി വരും. പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ഇനി ജോലി ലഭിക്കില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫത്തേപൂരില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് കത്താറ.
പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് ആര്‍.ജെ.ഡി ട്വീറ്റ് ചെയ്തു. നിസ്സഹായരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി ആരോപിച്ചു.