വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വാഷിങ്ടണ്‍. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് മോദി യു.എസില്‍ എത്തുന്നത്.
ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡണ്ടായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്. ചുവന്ന പരവതാനി വിരിച്ച് മോദിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യു.എസെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ട്രംപിനൊപ്പം അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. ട്രംപ് യു.എസ് പ്രസിഡണ്ടായി ചുമതലേയറ്റ ശേഷം ഒരു വിദേശ രാഷ്ട്ര തലവന് വൈറ്റ് ഹൗസില്‍ ഒരുക്കുന്ന ആദ്യ അത്താഴ വിരുന്നാണിത്. യു.എസ് സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ സൂചിപ്പിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യു.എസ് ഭരണകൂടവുമായി ദീര്‍ഘദൃഷ്ടിയോടെയുള്ള ബന്ധം സ്ഥാപിക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പോര്‍ച്ചുഗലില്‍ ഹ്രസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ഇന്നലെ രാത്രിയോടെ യു.എസിലേക്ക് തിരിച്ചത്. തിങ്കളാഴ്ചയാണ് മോദി-ട്രംപ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഒരു മണിക്കൂറോളം നീളുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം ഇരു രാഷ്ട്ര നേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കാണും.
തുടര്‍ന്ന് നടക്കുന്ന കോക്ടൈല്‍ റിസപ്ഷനിലും അത്താഴ വിരുന്നിലും നേതാക്കള്‍ ഒരുമിച്ചുണ്ടാകും. ഇരു നേതാക്കള്‍ക്കും പരസ്പരം മനസ്സിലാക്കാനും സംവദിക്കാനും ഏറെ സമയം ഇതിലൂടെ ലഭിക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മോദിയുടെ നാലാമത്തെ യു.എസ് സന്ദര്‍ശനമാണിത്. പ്രതിരോധം, ഭീകരവാദത്തിനെതിരായ പോരാട്ടം, പാരമ്പര്യേത ഊര്‍ജ്ജ സമ്പത്ത് തുടങ്ങിയ മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പുതിയ സഹകരണ കരാറുകള്‍ കൂടിക്കാഴ്ചയില്‍ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. രാഷ്ട്രതലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജെയ്ശങ്കറും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
ഇരു രാഷ്ട്രങ്ങളുടേയും സാമ്പത്തികവും വികസനപരവുമായ പൊതുതാല്‍പര്യങ്ങള്‍ക്ക് മോദിയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നായിരുന്നു കൂടിക്കാഴ്ചക്കു ശേഷം ടില്ലേഴ്‌സന്റെ പ്രതികരണം.