X
    Categories: indiaNews

ആ 8400 കോടിയുണ്ടെങ്കില്‍ സൈനികര്‍ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു; മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എണ്ണായിരം കോടിയുടെ ആഡംബരവിമാനം വാങ്ങിയ സംഭവം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ, തനിക്കെതിരെ ഉയര്‍ന്ന കുഷ്യന്‍ വിവാദത്തില്‍ മോദിയുടെ വിഐപി വിമാനത്തെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയാണ് വീണ്ടും അദ്ദേഹത്തിന്റെ വിമര്‍ശനം.

വിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കില്‍ സൈനികര്‍ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്നാണ് രാഹുലിന്റെ ചോദ്യം.

‘പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന് 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിന്‍- ലഡാക്ക് അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈനികര്‍ക്ക് വേണ്ടി എന്തൊക്കെ വാങ്ങാന്‍ കഴിയുമായിരുന്നു.

കമ്പിളി വസ്ത്രങ്ങള്‍: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകള്‍: 67,20,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍: 16,80,000 ഇങ്ങനെയന്തെല്ലാം..

നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കര്‍ഷക റാലിക്കിടെ ട്രാക്ടറില്‍ കുഷ്യന്‍ ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിന് കഴിഞ്ഞ ദിവസം രാഹുല്‍ ചുട്ടമറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്‍ കര്‍ഷക റാലിയിലെ കുഷ്യന്‍ കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച രാഹുല്‍, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.

ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്‍ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.

 

chandrika: