X
    Categories: indiaNews

പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് വക മാറ്റിയത് 2,105 കോടി

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിനത്തിലെ 2,105 കോടി രൂപ വിവരാവകാശ നിയമം ബാധകമല്ലാത്ത പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് മാറ്റി. രാജ്യത്തെ 38 പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ടാണ് മാറ്റിയത്. ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനാണ് ഇത്രയും തുക വകമാറ്റിയെന്ന വിവരം പുറത്തുവന്നത്. 55 പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് സംബന്ധിച്ച് നല്‍കിയ വിവരാവകാശ ചോദ്യപ്രകാരം 38 സ്ഥാപനങ്ങളുടെ കണക്കുമാത്രമാണ് നല്‍കിയത്.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പി.എം കെയര്‍ഫണ്ടിലേക്ക് സംഭാവന നല്‍കിയവരുടെ വിവരം നല്‍കാനാവില്ലെന്നായിരുന്നു ഒരു ദേശീയ ദിനപത്രത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നത്. തുടര്‍ന്ന് പത്രം പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുകയായിരുന്നു.

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനാണ് (ഒ.എന്‍.ജി.സി) ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. 300 കോടി. എന്‍.ടി.പി.സി 250 കോടി, ഇന്ത്യന്‍ ഓയില്‍ 225 കോടി, പവര്‍ ഫിന്‍സ് കോര്‍പറേഷന്‍ 200 കോടി, പവര്‍ ഗ്രിഡ് 200 കോടി, എന്‍.എം.ഡി.സി 155 കോടി, ബി.പി.സി.എല്‍ 125 കോടി, എച്ച്.പി.സി.എല്‍ 120 കോടി എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്.

പി.എം. കെയേഴ്‌സ് സര്‍ക്കാര്‍ ഫണ്ടല്ലെന്നും പബ്ലിക് ചാരിറ്റിബ്ള്‍ ട്രസ്റ്റാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പബ്ലിക് ചാരിറ്റിബ്ള്‍ ട്രസ്റ്റിന്റെ ഫണ്ട് സി.എ.ജി ഓഡിറ്റ് ചെയ്യില്ല. പകരം സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുക.

chandrika: