ന്യൂഡല്‍ഹി: കോടികളുടെ കടവുമായി രാജ്യം വിട്ട വിജയ് മല്ല്യുയുടെ വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. മല്യക്കെതിരായി പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് സി.ബി.ഐ ദുര്‍ബലപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ വീണ്ടും രംഗത്തെത്തിയത്.
മല്യ രക്ഷപെടാന്‍ കാരണമായത് ലുക്ക് ഔട്ട് നോട്ടീസിലെ ‘ഡീറ്റെയിന്‍’ എന്നതു മാറ്റി നിസാരമായ ‘ഇന്‍ഫോം’ എന്ന നോട്ടീസ് ആക്കി തിരുത്തി സി.ബി.ഐ സഹായിച്ചതാണ്. സി.ബി.ഐ ഈ വിവരം പ്രധാനമന്ത്രിക്കു നല്‍കിയിട്ടുണ്ടായിരുന്നു. സി.ബി.ഐയുടെ പരിധിക്കുപുറത്തുള്ള കാര്യമാണിത്, രാഹുല്‍ ആരോപിച്ചു. വിവാദവും പ്രമാദവുമായ ഒരു കേസിലെ ലുക്ക് ഔട്ട് നോട്ടീസില്‍ തിരുത്തല്‍ പ്രധാനമന്ത്രിയുടെ അറിവില്ലാതെ നടക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ലുക്ക് ഔട്ട് നോട്ടീസിലെ “തടഞ്ഞുവയ്ക്കണം” എന്ന വാക്ക് സിബിഐ “റിപ്പോര്‍ട്ട് ചെയ്യണം” എന്നാക്കി തിരുത്തിയെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. ഇത് പ്രധാനമന്ത്രി അറിവോടെയാണെന്നും രാഹുല്‍ ആരോപിക്കുന്നു.