തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ്.
പി.ഉബൈദുള്ളയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞവര്‍ഷം മതിയായ കുട്ടികളില്ലാതെ മറ്റ് ജില്ലകളില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റിയിരുന്നു. അതുപോലെ ഈവര്‍ഷവും അഡ്മിഷന്‍ പൂര്‍ത്തിയായശേഷം ഒഴിഞ്ഞുകിടിക്കുന്ന ബാച്ചുകള്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെയും സീറ്റുകള്‍ കിട്ടാതെ വരുന്ന സാഹചര്യമുണ്ടായാലാണ് അഡീഷണല്‍ ബാച്ചുകളുടെ കാര്യം പരിഗണിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ (2493) എപ്ലസ് കാരുള്ള മലപ്പുറം ജില്ലയില്‍ 78335 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ടെങ്കിലും 33000 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ ഉപരിപഠനത്തിന് ഒരുസാധ്യതയുമില്ലെന്ന് ഉബൈദുള്ള ചൂണ്ടിക്കാട്ടിയിരുന്നു.എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ 29558 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകളില്‍ 32040 സീറ്റുകള്‍ കുറവാണ്. ഇതില്‍ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. തെക്കന്‍ മേഖലകളിലെ നാല് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ മലപ്പുറം ജില്ലനേരിടുന്ന അവഗണന എത്രയെന്ന് മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018 മാര്‍ച്ചില്‍ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പാസായവിദ്യാര്‍ത്ഥികളുടെ എണ്ണം 431661 ആയിരുന്നുവെന്നും ഈ വര്‍ഷം അത് 426755 ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4406 എണ്ണം കുറവാണ്.2019-20 അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം മുന്‍വര്‍ഷത്തെ നിലയില്‍ തുടരുന്നു.
2018- 19 വര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ41003 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. എസ്.എസ്.എല്‍.എസി പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനം തേടാറില്ലെന്നും ജില്ലാ അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കാറുണ്ട്. എന്നാല്‍ മലപ്പുറത്ത് പ്രശ്‌നമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.