X

മലബാര്‍ മേഖലയില്‍ അരലക്ഷം പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്

മലബാര്‍ മേഖലയില്‍ 50,000 പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇത് 30,000 മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ പഠന സാധ്യതകള്‍ നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയും അടിയന്തര നടപടി ആവശ്യപ്പെട്ടും മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ കണ്ടു. മലപ്പുറം ജില്ലയില്‍ മാത്രം 37000 സീറ്റുകളുടെ കുറവുണ്ട്.
മലബാറില്‍ പൊതുവായും മലപ്പുറംജില്ലയില്‍ പ്രത്യകിച്ചുമുള്ള പ്ലസ് വണ്‍ സീറ്റിന്റെ കുറവുകളെ സംബന്ധിച്ച് മന്ത്രിയുമായി മുസ് ലിം ലീഗ് എം.എല്‍.എമാര്‍ ചര്‍ച്ചനടത്തി. ഓരോ സ്‌കൂളിലെയും ജയിച്ച കുട്ടികളുടെ എണ്ണം അനുസരിച്ച് ബാച്ച് കൊടുക്കുകയും എം.എല്‍.എമാര്‍ അവരുടെ താലൂക്കില്‍പ്പെട്ട വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ ഓരോ ക്ലാസിലും എണ്ണം അധികമാണെന്നതിനാല്‍ മറ്റു ജില്ലകളിലുള്ളത് പോലെ തന്നെ കുട്ടികളുടെ എണ്ണം നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ 47000 സീറ്റുകളാണ് ഇപ്പോഴുള്ളത്. നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത് 50 കുട്ടികള്‍ പഠിക്കേണ്ട ക്ലാസുകളില്‍ 65 പേരെ ഇരുത്തുകയാണ്. ഇത്തരത്തില്‍ ക്രൗഡ് ക്ലാസ്സുകള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച്, ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി യായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് എം.എല്‍.എമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഓരോ മണ്ഡലത്തിലെയും പാസായ കുട്ടികളുടെ എണ്ണവും നിലവിലെ സീറ്റുകളുടെ വിവരവും അടുത്ത ദിവസം തന്നെ മന്ത്രിക്ക് നല്‍കാമെന്ന് എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇതമായി ബന്ധപ്പെട്ട നിവേദനവും മന്ത്രിക്ക് സമര്‍പ്പിച്ചു. പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കാമെന്നും പരിഹാരം ഉണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ കെ.പി.എ മജീദ്, പി.കെ ബഷീര്‍, പി. ഉബൈദുല്ല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നജീബ് കാന്തപുരം എന്നിവര്‍ പങ്കെടുത്തു.

 

Chandrika Web: