സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അടുത്ത ദിവസങ്ങളിലായിരിക്കും ക്ലാസുകൾ ആരംഭിക്കുക.മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയിരിക്കുന്നത്.
അതേസമയം മലപ്പുറത്ത് പ്രതിസന്ധി തുടരുകയാണ്.മലപ്പുറത്ത് പ്ലസ് വണ്ണിനായി അപേക്ഷിച്ചവർ 81022 പേരാണ്. 47424 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 33598 പേർ സീറ്റ് കിട്ടാതെ പുറത്താണ്. അൺ എയ്ഡഡ് മേഖലയും, വിഎച്ച്എസ്ഇ പോലുള്ള മറ്റ് കോഴ്‌സുകളിലെ സീറ്റുകളും പരിഗണിച്ചാൽ പോലും പതിനയ്യായിരത്തോളം പേർ പുറത്താകും.ഓപ്പൺ സ്കൂൾ വഴി പ്ലസ് വൺ പഠനം നടത്തുകയാണ് ഈ വിദ്യാർത്ഥികളുടെ മുന്നിലുള്ള വഴി.കൂടുതൽ ബാച്ചുകൾ ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.