X

പ്ലസ്‌വൺ അധിക ബാച്ച് ഉത്തരവ് വൈകുന്നു: സ്കൂളുകളുടെ പട്ടിക പുറത്തുവിടുന്നില്ല

ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മറികടക്കാന്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താത്കാലിക ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വൈകുന്നു. ഏതെല്ലാം സ്‌കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിക്കുക എന്നത് സംബന്ധിച്ച പട്ടിക 5 ദിവസമായിട്ടും പുറത്തുവിട്ടിട്ടില്ല.

കൊമേഴ്‌സ് – 61, ഹ്യുമാനിറ്റീസ് – 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.

മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് ഉത്തരവായി പുറത്തിറങ്ങണം. ഇത് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് കൈമാറിയ ശേഷമേ സ്‌കൂളുകളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കൂ. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സ്‌കൂളുകളുടെ ലിസ്റ്റടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്.

ക്ലാസ് നടത്തുന്നതിന് കെട്ടിട സൗകര്യമുള്ള സ്‌കൂളുകള്‍ക്കാണ് അന്തിമ ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കുകയെന്നാണ് വിവരം. പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പിന്തുണ വിദ്യാഭ്യാസ വകുപ്പ് തേടിയിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികവേഗത്തില്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രധാനാദ്ധ്യാപകര്‍ ഉയര്‍ത്തുന്നത്. ക്ലാസുകള്‍ തുടങ്ങാന്‍ വീണ്ടും വൈകുന്ന സ്ഥിതിയാവും. സൗകര്യങ്ങള്‍ കുറവുള്ള സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിച്ചാല്‍ സമയബന്ധിതമായി ഇവ ഒരുക്കുക വെല്ലുവിളിയാവും.

നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 168 സയന്‍സ് ബാച്ചുകളും 122 ഹ്യുമാനിറ്റീസ് ബാച്ചും 162 കൊമേഴ്‌സ് ബാച്ചുകളുമാണുള്ളത്. പുതുതായി അനുവദിച്ച ബാച്ചുകളില്‍ സയന്‍സ് ഉള്‍പ്പെടാത്തത് വിദ്യാര്‍ത്ഥികളെ നിരാശരാക്കിയിട്ടുണ്ട്. മികച്ച മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികളില്‍ പലരും സയന്‍സ് ലഭിക്കാത്തതിനാല്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ പ്രവേശനം നേടി.

അധിക ബാച്ചില്‍ സയന്‍സ് അനുവദിക്കുമ്പോള്‍ അവയിലേക്ക് മാറാമെന്ന പ്രതീക്ഷയിലായിരുന്നു. സയന്‍സ് ബാച്ചിന് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ വേണ്ടിവരും. ഇത് വേഗത്തില്‍ ഒരുക്കുക പ്രായോഗികമല്ല എന്നതാണ് സര്‍ക്കാരിനെ പിന്നോട്ടുവലിച്ചത്.

webdesk13: