പുതിയ അധ്യയന വര്‍ഷത്തില്‍ പ്ലസ്.വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ ഇപ്പോഴും പെരുവഴിയില്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ സങ്കീര്‍ണം. മലപ്പുറത്ത് ഇനി അവശേഷിക്കുന്നത് 4,563 സീറ്റുകള്‍ മാത്രമാണ്. നിലവില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയവര്‍ പോലും പുറത്ത് നില്‍ക്കുന്നുണ്ട്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും 9,897 വിദ്യാര്‍ത്ഥികള്‍ പുറത്തു തന്നെയായിരിക്കും.
പാലക്കാട്, കോഴിക്കോട് ജില്ലകളിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കാട് ജില്ലയില്‍ സ്‌കോള്‍ കേരളയില്‍ 20,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തതിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്രാവശ്യം സ്‌കോള്‍ കേരളയെ ആശ്രയിക്കേണ്ടി വരും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടും അലോട്ട്‌മെന്റ് പ്രകാരം സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്‌കോള്‍ കേരള പരിഹാരമാവുകയുമില്ല.
ഈ മാസം 11 നാണ് സ്‌കോള്‍ കേരളയിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. എന്നാല്‍ അഡ്മിഷന്‍ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളോ കോഴ്‌സുകളോ തിരഞ്ഞെടുക്കാന്‍ പറ്റിയിട്ടില്ല. ജില്ലയില്‍ ട്രാന്‍സ്ഫറിന് അപേക്ഷിച്ച 9,710 അപേക്ഷകരില്‍ 5,848 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. കോഴിക്കോട്ട് 3,034, പാലക്കാട് 2,863 എന്നിങ്ങനെയാണ് അവശേഷിക്കുന്ന സീറ്റുകള്‍. ഇനി പ്രവേശനം ലഭിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം മലപ്പുറം 14,460, കോഴിക്കോട് 6,600, പാലക്കാട് 6,384 എന്നിങ്ങനെയാണ്. സ്‌കോള്‍ കേരളയില്‍ ഇതുവരെ പ്രവേശനം നേടിയവരുടെ എണ്ണം 171 മാത്രമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പുണ്ടായിട്ടും സര്‍ക്കാര്‍ കാണിച്ച നിസംഗതയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മതിയായ മാര്‍ക്കുണ്ടായിട്ടും വഴിയാധാരമാവേണ്ടി വന്നത്. പ്രശ്‌നത്തിന് പരിഹാരം അധികബാച്ചുകള്‍ അനുവദിക്കല്‍ മാത്രമാണെന്നിരിക്കേ തുടക്കത്തില്‍ തന്നെ അതിനുമുതിരാതെ അധികസീറ്റ് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാറിന് നിലപാട് പുനപരിശോധിക്കേണ്ടി വരികയും പുതിയബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്യേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ അപ്പോഴേക്കും നിരവധി വിദ്യാര്‍ത്ഥികളാണ് സീറ്റ്‌ലഭിക്കാത്തതിന്റെ പേരില്‍ കണ്ണീര്‍കുടിക്കേണ്ടി വന്നിരിക്കുന്നത്.