മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച 12 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവടക്കമുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ചയായിരുന്നു എംഎസ്എഫ് നേതാക്കളെ 7 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
അതേസമയം മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്നും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറി. മലപ്പുറം കളക്ട്രേറ്റിന് സമീപം കെഎസ്യു പ്രവര്‍ത്തകരാണ് സമരവുമായി രംഗത്തെത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാലക്കാട്- കോഴിക്കോട് ദേശീയപാത കെ.എസ്.യു ഉപരോധിച്ചു. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കടക്കം പരിക്കുകള്‍ പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലബാര്‍ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താത്കാലിക ബാച്ച് അനുവദിക്കാനും വിഷയത്തെ കുറിച്ച് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായാണ് കെ.എസ.്യു സമരം പുനരാരംഭിച്ചത്.