X

പ്ലസ് വൺ സീറ്റ്; അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്

മലബാറിലെ പ്ലസ് വണ്‍ അപേക്ഷകരുടെ കണക്ക് ബോധ്യമായ സ്ഥിതിക്ക് അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്. പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്ലസ് വണ്‍ സീറ്റ്: കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്ന് മന്ത്രിക്ക് ഇന്നലെ ബോധ്യപ്പെട്ട് കാണണം.

50 പേരിരിക്കേണ്ട ക്ലാസ് മുറിയില്‍ 65 പേരെ കുത്തിനിറച്ച് വാഗണ്‍ ട്രാജഡി ക്ലാസ് മുറികളാക്കിയിട്ടും, സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണ്.

ആകെ 57,712 അപേക്ഷകരില്‍ 70 ശതമാനവും മലബാറില്‍ നിന്നുള്ളവ, അതായത് മലബാറില്‍ നിന്ന് മാത്രം 40945 പേര് സീറ്റില്ലാതെ പുറത്തിരിക്കുന്നു,

മലബാറില്‍ നിന്നും അപേക്ഷിച്ച 40945 കുട്ടികളില്‍ 42% വും മലപ്പുറം ജില്ലയില്‍ നിന്ന് അതായത് 16881 കുട്ടികള്‍.

മന്ത്രിയുടെ കണക്കിലെ കളികള്‍ കഴിഞ്ഞിട്ടും വിവിധ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ ആകെ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റ്. അത് കുറച്ചാലും ഇനിയും പതിനായിരത്തോളം (9944) വിദ്യാര്‍ഥികള്‍ മലപ്പുറത്ത് മാത്രം പെരുവഴിയിലാണ്.

നോണ്‍-ജോയിനിംഗ് കുട്ടികളെ സപ്ലിമെന്ററിയില്‍ അപേക്ഷിക്കാന്‍ അനുവദിക്കാതിരിക്കുക വഴി മലപ്പുറത്ത് sslc പരീക്ഷയില്‍ ജയിച്ച 7054 കുട്ടികളെയാണ് മന്ത്രി ബുദ്ധിയില്‍ ഏകജാലക വിദ്യയിലൂടെ തോല്‍പ്പിച്ചത്.

മന്ത്രിയും പറഞ്ഞില്ലെങ്കിലും, പറയാന്‍ മടിച്ചാലും, ഈ തെരുവില്‍ ഞങ്ങള്‍ ഉറക്കെ പറയും: ‘പരീക്ഷ ജയിച്ചിട്ടും മന്ത്രി തോല്‍പ്പിച്ച 7054 കുട്ടികളെ കണക്ക് കൂടി കൂട്ടി മലപ്പുറത്ത് മാത്രം 16998 സീറ്റുകളുടെ കുറവുണ്ട്’

കണക്കും, കണക്ക് പുസ്തകവും മൊക്കെ അലമാരയില്‍ വെച്ച് കുറവുണ്ടെന്ന് സ്വയം ബോധ്യപ്പെട്ട നിലക്ക്, ആ അധിക ബാച്ച് പ്രഖ്യാപിക്ക് സാറെ , ഇല്ലെങ്കില്‍ വീണ്ടും സമര മുഖത്ത് വെച്ച് കാണാം

 

webdesk13: