പ്ലസ് വൺ സീറ്റ് പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത കുട്ടികൾക്ക് വേണ്ടി അടിയന്തിരമായി അഡീഷണൽ ബാച്ചുകൾ അനുവദിക്കണം. മലപ്പുറത്ത് അഡീഷണൽ ബാച്ച് അനുവദിച്ചപ്പോൾ ഒരു സയൻസ് ബാച്ച് പോലും ലഭിച്ചിട്ടില്ല. അഡീഷണൽ ബാച്ചുകളോടൊപ്പം സയൻസ് ബാച്ചുകൾ നിർബന്ധമായും അനുവദിക്കണം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാൻ വേണ്ട നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.
മലപ്പുറത്ത് അധികമായി ഏതാനും താൽക്കാലിക ബാച്ചുകൾ അനുവദിച്ചിട്ടും ആവശ്യമായ സീറ്റുകൾ ലഭിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം ഇപ്പോഴും സർക്കാർ നടത്തിയിട്ടില്ല. പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് മുസ്ലിംലീഗും പോഷക ഘടകങ്ങളും ശക്തമായ സമര പരിപാടികളുമായും മുന്നോട്ടുപോകും. – സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. പാർട്ടി മുഖപത്രമായ ചന്ദ്രിക കാമ്പയിൻ ഊർജ്ജിതമാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം ആഹ്വാനംചെയ്തു,
മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സി മായിൻ ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.എ.എം.എ കരീം, സി.പി ബാവ ഹാജി, ടി.എം സലീം, സി.പി സൈതലവി, ഉമ്മർ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ ശംസുദ്ധീൻഎം എൽ എ ,അബ്ദുറഹ്‌മാൻ രണ്ടത്താണി, പി. എം സാദിഖലി, പാറക്കൽ അബ്ദുള്ള, സി. പി ചെറിയ മുഹമ്മദ്, യു. സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.