X

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മുസ്‌ലിംലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത മലബാറിലെ ഗുരുതര സാഹചര്യം ബോധ്യപ്പെടുത്താനാണ് മുഖ്യമന്ത്രിയെ കാണുന്നത്. എക്സിക്യുട്ടീവ് ക്യാമ്പില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയമനുസരിച്ചാണ് ഈ തീരുമാനം.

പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും മലബാറില്‍ സീറ്റില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദ നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുപ്പതിനായിരത്തിലധികം കുട്ടികള്‍ പുറത്ത് നില്‍ക്കുന്ന ഗുരുതര സാഹചര്യം ആശങ്കയുളവാക്കുന്നതാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുസ്ലിംലീഗ് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കും.- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ കമ്യൂണിറ്റി സംവരണം അട്ടിമറിക്കാന്‍ പ്ലസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തിരക്കിട്ട് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കി നഗ്‌നമായ സംവരണ അട്ടിമറിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. – പി.എം.എ സലാം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേക്കും യൂണിവേഴ്സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുമുള്ള സ്ഥിരം, താല്‍ക്കാലിക നിയമനങ്ങളില്‍ നടക്കുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

webdesk11: