മലപ്പുറത്തെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യത്തിൽ കണ്ണിൽപൊടിയിട്ട് തടിതപ്പാൻ സർക്കാർ നീക്കം. മലപ്പുറത്ത് മാത്രമാണ് പ്രശ്‌നമെന്നും മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ നൽകിയാൽ പ്രശ്‌നം തീരുമെന്നും വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം. എന്നാൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രതിസന്ധി രൂക്ഷമാണ്. ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ മലപ്പുറത്ത് മാത്രം താല്ക്കാലിക ബാച്ചനുവദിച്ച് പ്രതിഷേധത്തിന് തടയിടാനാണ് സർക്കാർ നീക്കം.
ഇതിനെതിരെ പ്രക്ഷോഭം തുടരാനാണ് മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും തീരുമാനം. വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ സർക്കാർ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ ഇതിനായി കാത്തിരിക്കാനാണ് മുസ്ലിംലീഗ് തീരുമാനം. നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കും.
യുഡിഎഫ് ഭരണ കാലത്ത് പുതിയ ബാച്ചുകൾ അനുവദിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. കുട്ടികളുടെ എണ്ണം വർധിച്ചതോടെ സീറ്റ് പ്രശ്‌നവും വർധിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ വന്നശേഷം പുതിയ സ്ഥിര ബാച്ച് അനുവദിക്കാതിരുന്നതോടെ ഓരോ വർഷം കഴിയുന്തോറും പ്രശ്‌നം കൂടി വന്നു.
മലപ്പുറത്തെ പ്രശ്‌നം മാത്രമായി പ്ലസ് വൺ പ്രതിസന്ധിയെ സർക്കാർ ചുരുക്കിക്കാണുന്നു എന്നതാണ് പുതിയ തീരുമാനിത്തിലെ ഒരു പ്രശ്‌നം. പാലക്കാട്, കോഴിക്കോട് ഉൾപ്പെടെ സീറ്റ് പ്രതിസന്ധിയുള്ള മറ്റു ജില്ലകളിലെ വിദ്യാർഥികൾക്ക് പുതിയ ബാച്ച് ലഭിക്കില്ല. മതിയായ സൗകര്യമില്ലാത്ത താൽക്കാലിക ബാച്ചുകൾ കുട്ടികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്.