X

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എം.എസ്.എഫ്

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എഇഒ ഓഫീസ് പൂട്ടിയിട്ട് എം.എസ്.എഫിന്റെ പ്രതിഷേധം. കണ്ണൂര്‍ പാപ്പിനിശ്ശേരി എഇഒ ഓഫീസാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എം.എസ്.എഫിന്റെ പ്രതിഷേധം ഇന്നും തുടര്‍ന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വഴുതക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെഎസ്യു, എം.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്.

ജൂണ്‍ 22ന് തലസ്ഥാനത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് പൂട്ടിയിട്ടിരുന്നു. ഇരുപതോളം പ്രവര്‍ത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാര്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചിരിക്കുകയാണ്.

webdesk13: