മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. പാലക്കാട് മുതല്‍ കാസര്‍ക്കോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതെ അലയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ അധിക ബാച്ചുകളിലൂടെ അവസരം ലഭിക്കുക. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. സര്‍ക്കാറിന്റെ ഈ വഞ്ചന ജനം തിരിച്ചറിയും. മുസ്ലിംലീഗും എം.എസ്.എഫും ഈ വിഷയത്തില്‍ നിരന്തര സമരത്തിലാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പലതവണ സമീപിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും.- അദ്ദേഹം പറഞ്ഞു.