X

മലബാറിൽ പ്ലസ് വണ്ണിന് സീറ്റില്ല, മുസ്‌ലിം യൂത്ത് ലീഗ് നിയമസഭാ മാർച്ച് ജൂൺ 25 ന്

കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലബാറിൽ എഴുപത്തി അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തുമെന്ന് പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ജൂൺ 25 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് നിയമ സഭയിലേക്ക് മാർച്ച്‌ സംഘടിപ്പിക്കുക.

ജൂൺ 24 ന് ക്ലാസ് തുടങ്ങാനിരിക്കുമ്പോഴാണ് ഇത്രയും വിദ്യാർത്ഥികൾ പെരുവഴിയിലാവുന്നത്. SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും ആഗ്രഹിക്കുന്ന കോഴ്സുകളിൽ പ്രവേശനം നേടാൻ സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മലബാറിൽ ആകെയുള്ള 2,46,032 അപേക്ഷകർക്ക് മെറിറ്റിൽ 1,61,369 സീറ്റുകളാണുള്ളത്. ഇതിൽ 1,60,037 പേർക്കാണ് അഡ്മിഷൻ നേടാനായത്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യമായ ബാച്ചുകൾ അനുവദിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇടത് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

മലബാറിൽ സീറ്റ് ക്ഷാമം ഇല്ലെന്ന് നിരന്തരം പറയുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യാഥാർത്യങ്ങൾക്ക് മുന്നിൽ മനപ്പൂർവ്വം കണ്ണടക്കുകയാണ്. മലബാറിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണം എന്നാണ് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. പതിനായിരകണക്കിന് വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ പ്രക്ഷോഭമുയർത്തുന്നതിൻ്റെ ഭാഗമായി നടത്തുന്ന നിയമസഭാ മാർച്ച് ചരിത്ര സംഭവമാക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

webdesk14: