മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരത്തിന്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഈ മാസം 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലബാറിൽ അമ്പതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ എട്ട് വർഷമായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിദ്യഭ്യാസ മന്ത്രി പറയുന്നത്. വാഗൺട്രാജഡി ക്ലാസ് റൂമുകൾ സൃഷ്ടിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്.
ഒരു ക്ലാസ് റൂമിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമെ ഉണ്ടാകാവൂ എന്ന് ദേശീയ വിദ്യഭ്യാസ നയം കർശനമായി പറയുന്നു. എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ച് ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തി നിറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമെന്നും പി.എം.എ സലാം പറഞ്ഞു.