മലബാറിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
മൂന്നാമത്തെ അലോട്മെന്റ് കഴിഞ്ഞിട്ടും മലബാറിലെ ആറു ജില്ലകളിലും 43,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമായിട്ടില്ല. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും സീറ്റില്ലാതെ പ്രയാസപ്പെടുകയാണ്. രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ പോലും ആഗ്രഹിക്കുന്ന ബാച്ചുകളോ സ്‌കൂളുകളോ കിട്ടാത്ത സ്ഥിതിയിലാണ്. ഇനി സപ്ലിമെന്ററി ക്വാട്ട മാത്രമാണ് ബാക്കിയുള്ളത്. സ്വാശ്രയ വിദ്യാലയങ്ങളില്‍ ഭീമമായ ഫീസ് കൊടുത്തു പഠിക്കാന്‍ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ തീര്‍ത്തും നിരാശരാണ്. ഈ സാഹചര്യത്തില്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പഠനത്തിന് അവസരം നല്‍കുന്ന വിധത്തില്‍ നടപടികള്‍ ഉണ്ടാകണമെന്ന് മുസ്ലിംലീഗ് നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.