ഷഹബാസ് വെള്ളില
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍ പൂര്‍ത്തീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷകരുടെ എണ്ണം 82,434. പുറത്തുവന്ന കണക്കുകള്‍ പ്രകാരം പ്ലസ് വണിന് ജില്ലയില്‍ പരമാവധി 52,000 സീറ്റുകളാണ്. ഇതോടെ 29,834 കുട്ടികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലാകും. അവസാന അലോട്ട്‌മെന്റ് കൂടി പൂര്‍ത്തിയാകുന്നതോടെ മലപ്പുറത്തുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍ അപേക്ഷകരുടെ എണ്ണവും ജില്ലയില്‍ ലഭ്യമായ പരമാവധി സീറ്റുകളുടെ എണ്ണവും പരിശോധിക്കുമ്പോള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികളുടെ തുടര്‍പഠനം ആശങ്കയിലായിരുക്കുകയാണ്.
എസ്എസ്എല്‍സി വിഭാഗത്തില്‍ 79,637 സിബിഎസ്ഇയില്‍ 20,31, ഐസിഎസ്ഇയില്‍ 12, മറ്റുള്ളവയില്‍ 754 അടക്കമാണ് 82,434 അപേക്ഷകള്‍. മറ്റ് ജില്ലകളില്‍ നിന്ന് 7,621 അപേക്ഷകരുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ 960 പേരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 30 പേരുമുണ്ട്. 29നാണ് ട്രയല്‍ അലോട്ട്‌മെന്റ്.
ജൂണ്‍ അഞ്ചിനു ആദ്യ അലോട്ട്‌മെന്റ് നടക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളതും മലപ്പുറത്താണ്. ജില്ലയില്‍ ഇത്തവണ 40,844 ആണ്‍കുട്ടികളും 38,886 പെണ്‍കുട്ടികളുമടക്കം 79,730 പേരാണ് ഉപരിപഠനത്തിനു അര്‍ഹത നേടിയത്. കൂടാതെ സിബിഎസ്ഇ മലപ്പുറം സഹോദയയുടെ കീഴിലെ 51 സ്‌കൂളുകളും മലപ്പുറം സെന്‍ട്രല്‍ സഹോദയയുടെ കീഴിലെ 56 സ്‌കൂളുകളും മികച്ച വിജയം നേടിയിരുന്നു.
ഇതില്‍ കൂടുതല്‍ സീറ്റുകളുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സീറ്റ് വര്‍ധനക്കു പകരം പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന് വിവിധ തലങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ബാച്ചുകളുടെ എണ്ണം ഉയര്‍ത്താനാകില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍.
ഇടതുപക്ഷ സര്‍ക്കാറിന്റെ പിടിവാശിക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് വരും ദിവസങ്ങളില്‍ ജില്ലയില്‍ അരങ്ങേറാന്‍ പോകുന്നത്. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കലക്ടറേറ്റ് ധര്‍ണ ബുധനാഴ്ച നടക്കാനിരിക്കുകയാണ്.