X

പ്ലസ് വണ്‍ പ്രവേശനം; മൂന്നാം പട്ടിക വന്നിട്ടും മലപ്പുറത്ത് 33,598 കുട്ടികള്‍ പുറത്തുതന്നെ

പ്ലസ്‌വണിന് മൂന്നാം അലോട്ട്‌മെന്റ് പട്ടിക പുറത്ത് വന്നിട്ടും 81,022 അപേക്ഷകരില്‍ 33,598 പേര്‍ സീറ്റ് കിട്ടാതെ പുറത്ത്. മൂന്നാം ഘട്ടത്തില്‍ ആകെ 47,424 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. 47,428 സീറ്റിലേക്കായിരുന്നു പ്രവേശനം നടന്നത്. ഇതില്‍ നാല് സീറ്റുകളുടെ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടില്ല.

ഈഴവ തിയ്യ, എസ്.സി വിഭാഗങ്ങളിലാണ് രണ്ട് വീതം സീറ്റുകള്‍ ഒഴിവ് വന്നത്. മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായതോടെ മലപ്പുറം ജില്ലയില്‍ ജനറല്‍ വിഭാഗത്തിലെ 35,058 സീറ്റുകളും നിറഞ്ഞു. ജനറലില്‍ ആദ്യം അനുവദിച്ച 22,386 ഉം പുതുക്കി അനുവദിച്ച 12,672 അടക്കം 35,058 സീറ്റുകളാണ് അലോട്ട്‌മെന്റില്‍ നിറഞ്ഞത്.

മൂന്ന് അലോട്ട്‌മെന്റുകളുടെ പട്ടിക പുറത്ത് വന്നിട്ടും മലപ്പുറം ജില്ലയില്‍ അപേക്ഷകരുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് പരിഹാരമായില്ല. പ്ലസ് വണ്‍ മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളില്‍ തന്നെ സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നവര്‍ക്കാണ് കിട്ടാതെ വന്നതോടെ ആശങ്ക ഇരട്ടിച്ചത്. പുറത്ത് നില്‍ക്കുന്ന 33,598 പേര്‍ ഇനി എങ്ങിനെ സീറ്റ് ലഭിക്കുമെന്ന് ആശങ്കപ്പെടുകയാണ്. മൂന്ന് അലോട്ട്‌മെന്റിലും ഉള്‍പ്പെടാതെ വന്നതോടെ സപ്ലിമെന്ററി ഘട്ടത്തിന് വേണ്ടി കാത്തിരിക്കേണ്ട സ്ഥിതിയിലായി.

 

webdesk14: