X

പ്ലസ്‌വണ്‍: മലബാര്‍ മേഖലയില്‍ 62,293 കുട്ടികള്‍ പുറത്താവും

കൊച്ചി: പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം ഇത്തവണ മലബാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ പുറത്താവുക 62,293 കുട്ടികള്‍. ഏഴ് തെക്കന്‍ ജില്ലകളില്‍ ആകെ 19,390 സീറ്റുകള്‍ അധികമായി വരുമ്പോഴാണ് തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലെ എസ്എസ്എല്‍സി വിജയിച്ച കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് മറ്റു വഴികള്‍ ആശ്രയിക്കേണ്ടി വരിക. മലപ്പുറത്ത് 30,941 സീറ്റിന്റെ കുറവാണുള്ളത്. 8579 സീറ്റുകളാണ് കോഴിക്കോട് കുറവുള്ളത്. വയനാട്ടില്‍ 2232 സീറ്റും, പാലക്കാട് 10132 സീറ്റും, കണ്ണൂരില്‍ 5356 സീറ്റും, കാസര്‍കോട് 3723 സീറ്റും കുറവുണ്ട്. തൃശൂരില്‍ 1330 സീറ്റുകളുടെ കുറവാണുള്ളത്.

ഈ സീറ്റുകളുടെ കുറവ് നികത്തണമെങ്കില്‍ 1200 ബാച്ചുകള്‍ പുതുതായി അനുവദിക്കണം. തെക്കന്‍ ജില്ലകളിലെല്ലാം ഉന്നതപഠനത്തിനര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കിയ ശേഷവും വന്‍ തോതില്‍ സീറ്റുകളില്‍ ഒഴിഞ്ഞുകിടക്കുമെന്ന് കണക്കുകള്‍ നിരത്തി മലബാര്‍ എജ്യൂക്കേഷന്‍ മൂവ്മെന്റ പ്രതിനിധികള്‍ പറയുന്നു. തിരുവനന്തപുരത്ത് 848 സീറ്റും, കൊല്ലത്ത് 1796 സീറ്റുകളുമാണ് അധികമായുള്ളത്. പത്തനം തിട്ടയില്‍ മാത്രം 6074 സീറ്റുകളാണ് കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ആലപ്പുഴയില്‍ 3164, കോട്ടയം 4990, ഇടുക്കി 1845, എറണാകുളം 673 എന്നീ ക്രമത്തിലാണ് മറ്റു ജില്ലകളില്‍ സീറ്റുകള്‍ അധികമായതിനെ തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്നത്.
പ്ലസ്‌വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് മലബാര്‍ എജ്യൂക്കേഷന്‍ മൂവ്മെന്റ് ചെയര്‍മാനും മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സിയുമായ ഡോ.കെ.കെ.എന്‍ കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിദ്യാഭ്യാസ വിഭവങ്ങളുടെ അസന്തുലിതമായ വിതരണത്തിനിരയാണ് മലബാറിലെ വിദ്യാര്‍ഥികള്‍. ഓരോ അധ്യയന വര്‍ഷവും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമം പതിവ് ചര്‍ച്ചയാകുന്നതിനപ്പുറം കാര്യമായ നടപടിയുണ്ടാകുന്നില്ല. തെക്കന്‍ കേരളത്തില്‍ ഉള്ളതിന് ആനുപാതികമായി ഹൈസ്‌കൂളുകള്‍ മലബാറില്‍ ഇല്ല എന്ന വസ്തുത മനസിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ സന്നദ്ധമാവാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. സംഘടന പുറത്തിറക്കിയ ബുക്ക്ലെറ്റിന്റെ പ്രകാശനം ഡോ.കെ.കെ.എന്‍കുറുപ്പ് നിര്‍വഹിച്ചു. മൂവ്‌മെ ന്റ് ജനറല്‍ സെക്രട്ടറി അക്ഷയ് കുമാര്‍, സി.ഇ.ഒ മഞ്ജുദേവ്, കോ ഓര്‍ഡിനേറ്റര്‍ ഖദീജ തസ്‌നിം, ഷിഹാബുദ്ദീന്‍ റാവുത്തര്‍, ഡോ.പി.പി മുഹമ്മദ് കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Chandrika Web: