X

ദേശീയപാതകളുടെ ദുരവസ്ഥ; കേന്ദ്ര ഗതാഗത മന്ത്രിയെ വിവരം ധരിപ്പിച്ച് സമദാനി

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വിളിച്ച സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി പങ്കെടുത്തു. ഭാരത് മാലാ പദ്ധതി പ്രകാരവും മറ്റും പുതിയ ദേശീയപാതകള്‍ വരുമ്പോള്‍ നിലവിലെ ദേശീയപാതകളെ കൈയൊഴിയരുതെന്നും അവയുടെ ദേശീയപാതാ പദവി പിന്‍വലിക്കരുതെന്നും സമദാനി ആവശ്യപ്പെട്ടു. മറ്റു റോഡുകള്‍ വരുന്നതിന്റെ പേരില്‍ പാലക്കാട്- കോഴിക്കോട് ദേശീയപാത 966 ല്‍ മുറപ്രകാരം നടക്കേണ്ട റിപ്പയര്‍ പോലും നടക്കുന്നില്ല. ഈ റോഡിന്റെ അറ്റകുറ്റപ്പണി ഉടനെ നടത്താന്‍ നടപടി വേണം. ദേശീയപാത 66 ന്റെയും ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെയും അണ്ടര്‍പാസും മറ്റുമായി പ്രാദേശികമായി ജനങ്ങള്‍ക്കുള്ള ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

ഭാരത് മാലാ റോഡ് പദ്ധതിയുടെ ഭാഗമായുള്ള മൈസൂര്‍- മലപ്പുറം സാമ്പത്തിക ഇടനാഴിയില്‍ മലപ്പുറം നഗരവും കോഴിക്കോട് വിമാനത്താവളവും ഉള്‍പ്പെടുത്തണം. ഈ പദ്ധതിയുടെ കര്‍ണാടകയിലെ പ്രവൃത്തി പുരോഗമിക്കുമ്പോഴും കേരളത്തിലേത് മുന്നോട്ടു പോയിട്ടില്ല. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സി.ആര്‍.ഐ.എഫ് സ്‌കീമില്‍ പരിഗണിക്കാന്‍ സമര്‍പ്പിച്ചിരുന്ന എല്ലാ റോഡുകള്‍ക്കും ഫണ്ട് അനുവദിക്കണം.

മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ വിലയിരുത്താന്‍ എന്‍.എച്ച് അധികൃതരുടെ യോഗം വിളിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും വനപ്രദേശം വിട്ടുകിട്ടാനുള്ള തടസ്സമാണ് റോഡ് പദ്ധതി വൈകുന്നതിന് കാരണമെന്നും മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Chandrika Web: