ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആദിത്യനാഥിന് പുറമെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ലോകസഭാ അംഗമെന്ന നിലയില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റുന്നവര്‍ക്ക് സംസ്ഥാന ഭരണം കൈയ്യാളാന്‍ സാധിക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇരുവരെയും അയോഗ്യരായി പ്രഖ്യാപിക്കണമെന്നാണ് 1959ലെ അയോഗ്യതാ നിയമം പരാമര്‍ശിച്ച് സഞ്ജയ് ശര്‍മ ആവശ്യപ്പെടുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച അലഹാബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറലിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ഗോരഖ് പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ലോകസഭാ എംപിമാരാണ് ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് ഇരുവരും സ്വന്തം സ്ഥാനങ്ങള്‍ രാജി വെക്കാത്തതെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. മെയ് 24ന് ഹര്‍ജി പരിഗണിക്കും.