കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി, കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ.എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ചൂണ്ടിക്കാണിച്ച് ക്വോ വാറണ്ടോ ഹരജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ആലപ്പുഴയില്‍ കായല്‍ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വന്ന കോടതി പരാമര്‍ശമാണ് ഹരജിക്ക് അടിസ്ഥാനം.
ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കവേ, സര്‍ക്കാര്‍ അന്വേഷണത്തിനെതിരെ മന്ത്രി തന്നെ ഹരജി നല്‍കിയത് വ്യക്തമാവുകയായിരുന്നു. തുടര്‍ന്നായിരുന്നു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന കോടതി പരാമര്‍ശം വന്നത്.
കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.