പി.കെ കുഞ്ഞാലിക്കുട്ടി
(മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി)
ഒരു ജനതയുടെ അഭിമാനകരമായ അസ്തിത്വത്തിലേക്ക് കൈപിടിച്ച് നടത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന മഹാപ്രസ്ഥാനം 75 ന്റെ നിറവിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പാര്‍ട്ടി 75ാം വാര്‍ഷികം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ കൂടെ പിറവികൊണ്ട പാര്‍ട്ടി രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചാണ് ഏഴര പതിറ്റാണ്ട് കാലമത്രയും മുന്നോട്ട് പോയത്. ഇനിയും അതേ സഞ്ചാരമാര്‍ഗത്തിലൂടെ മുന്നോട്ട്‌പോകുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍. ചെന്നൈയിലെ രാജാജി ഹാള്‍ ചരിത്രത്തിന്റെ മറ്റൊരു അടയാളപ്പെടുത്തലായി മാറുകയാണ്. മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്രനിര്‍മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്തരാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് ചെന്നൈ പ്ലാറ്റിനം സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഏഴര പതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അതിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും മതമൈത്രിയും കാത്തുസൂക്ഷിച്ചുമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. 1948 മാര്‍ച്ച് 10ന് ചെന്നൈയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ പിറവി. മാര്‍ച്ച് പത്ത് എന്ന ദിനം ഇന്ത്യയുടെ ന്യൂനപക്ഷമുന്നേറ്റത്തിനു ദിശാപരമായ നാന്ദികുറിച്ച ദിനമായി എന്നും ഓര്‍ക്കപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപംകൊടുത്ത മാതൃകാപരമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന ഉന്നത നേതൃനിരക്കുകീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്.
മുസ്‌ലിംലീഗിന്റെ പിറവി പലരെയും അലോസരപ്പെടിത്തിയിരുന്നു. രൂപീകരണം തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്. 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ വന്ന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മുന്നോട്ടുവെച്ചത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞ വാക്കുകള്‍ പ്രൗഢമായിരുന്നു. എനിക്കതിന് കഴിയില്ല. മുസ്‌ലിംലീഗുമായി മുന്നോട്ടുപോകും. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിയാണ് മുസ്‌ലിംലീഗ് ലക്ഷ്യമാക്കുന്നത്. ഖാഇദെമില്ലത്തിന്റെ വാക്കുകളില്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മറുത്തൊന്നും പറയാന്‍ കഴിയാതെ മടങ്ങി.
രാജാജിഹാളില്‍ നിന്നുയര്‍ന്ന ശബ്ദത്തിനു വലിയ പിന്തുണയാണ് അന്ന് മലബാറും മറ്റു പ്രദേശങ്ങളും നല്‍കിയത്. ദുര്‍ഘടം പിടിച്ച അന്നത്തെ കാലഘട്ടത്തില്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ ത്യാഗിവര്യരായ നേതാക്കള്‍ ഏറെ പണിപ്പെട്ടു. നിസ്വാര്‍ത്ഥരായ നേതാക്കള്‍ക്ക് പിന്നില്‍ അതിവേഗം ന്യൂനപക്ഷങ്ങള്‍ അണിനിരക്കുന്ന കാഴ്ചയാണ് രാജ്യം ദര്‍ശിച്ചത്. മുസ്‌ലിംലീഗിന്റെ ഉയര്‍ച്ച പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. പക്ഷേ അവര്‍ക്ക് മുന്നില്‍ ധീരതയുടെ പര്യായമായി നേതാക്കള്‍ നിലകൊള്ളുകയും മുസ്‌ലിംലീഗ് ഈ രാജ്യത്തിന്റെ മുന്നേറ്റത്തിനു അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ആദ്യ കാലം മുതലേ രാജ്യത്തിന്റെ വിവിധ നിയമ നിര്‍മാണ സഭകളില്‍ പങ്കാളിത്തം ലഭിച്ചു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ അവതരിപ്പിച്ച ബില്ലുകള്‍ സുപ്രധാനമായി. ശരീഅത്ത് വിഷയങ്ങളിലടക്കം മുസ്‌ലിംലീഗിന്റെ നിലപാടിന് അംഗീകാരം ലഭിച്ചു. ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് ഒട്ടേറെ നിയമങ്ങള്‍ നിലവില്‍വന്നത് നിയമനിര്‍മാണ സഭകളിലെ മുസ്‌ലിംലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഗുലാം മഹ്മൂദ് ബനാത്ത്‌വാലയുടെ പരിശ്രമഫലമായി നിലവില്‍വന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമം അതില്‍ ശ്രദ്ധേയമാണ്. നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ ലീഗാണ് പരമോന്നത നീതിപീഠത്തില്‍ കേസ് നല്‍കിയത്. സ്വതന്ത്ര ഇന്ത്യയില്‍, വ്യവസ്ഥാപിതമായി പാര്‍ലമെന്ററി സംവിധാനം നിലവില്‍വന്ന 1952 മുതല്‍ ഇന്നോളം രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭയില്‍ സജീവ പങ്കാളിത്തമുള്ള സംഘടനയാണ് മുസ്‌ലിംലീഗ്.
ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ പ്രസ്ഥാനത്തെ കാണുന്നതെന്ന് ഓരോ തിരഞ്ഞെടുപ്പുകളും തെളിയിച്ചു. ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണസഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെയും മറ്റു നേതാക്കളിലൂടെയും പ്രതിഫലിച്ചത്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഖാഇദേമില്ലത്ത്, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് മുഹമ്മദ്‌കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, എ.കെ.എ അബ്ദസ്സമദ്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ സമര്‍പ്പണം മുസ്‌ലിംലീഗിനു പകര്‍ന്ന കരുത്ത് വളരെ വലുതാണ്. ആ ദൗത്യം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിലൂടെ തുടരുന്നു.
മുസ്‌ലിംലീഗ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെമ്പാടും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബ് മുസ്‌ലിംലീഗ് രൂപീകരണ വേളയില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞ ഒന്നാണ് ജനങ്ങള്‍ക്ക് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത്. രാഷ്ട്രീയമെന്നത് കേവലമായ പ്രവര്‍ത്തനമല്ല. മറിച്ച് സേവനവും നാടിന്റെ പുരോഗതിയും പാവപ്പെട്ടവരുടെ ഉന്നതിയുമാണെന്ന് മുസ്‌ലിംലീഗ് തിരിച്ചറിയുന്നു. തീര്‍ത്തും സുതാര്യവും സുവ്യക്തവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട മുസ്‌ലിംലീഗ് പിന്നിട്ട ഏഴര പതിറ്റാണ്ട് രാജ്യത്തുണ്ടാക്കിയത് നന്മയുടെ പൂമരങ്ങളാണ്. മുസ്‌ലിംലീഗ് നേരത്തെ പറയുന്ന കാര്യങ്ങള്‍ വൈകിയാണ് പല പാര്‍ട്ടികളും തിരിച്ചറയാറുള്ളത്. ഫാസിസത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമന്ന് രാജ്യത്തോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ചു പറഞ്ഞ് നീണ്ട കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസ്‌ലിംലീഗ് ആയിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
മുസ്‌ലിംലീഗ് പ്ലാറ്റിനം സമ്മേളനം വലിയ സന്ദേശമാണ് നല്‍കുന്നത്. ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള സന്ദേശമാണ് ഏറ്റവും പ്രധാനമായത്. ഇതിനു പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കലാണ് ഏക പരിഹാരം. എല്ലാ തിരഞ്ഞെടുപ്പിലും ബി.ജെ.പി സഖ്യത്തിന് 40 ശതമാനം വോട്ടേ കിട്ടുന്നുള്ളൂ. ബാക്കി 60 ശതമാനം പ്രതിപക്ഷത്തിന് ലഭിക്കുന്ന വോട്ടുകളാണ്. നിര്‍ഭാഗ്യവശാല്‍ അത് ഭിന്നിച്ചുപോകുന്നു. 2014, 2019 ലോക്‌സഭാതിരഞ്ഞെടുപ്പുകളിലും അതാണ് സംഭവിച്ചത്. അതില്‍ മാറ്റം വരണം. പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണം. ഓരോ സംസ്ഥാനത്തും അതിന് ശക്തിയുണ്ട്. ഇക്കാര്യത്തില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ വലിയ കരുത്താണ് നല്‍കുന്നത്. കഴിഞ്ഞമാസം ആദ്യവാരത്തില്‍ തമിഴ്‌നാട്ടില്‍ ഒരു സമ്മേളനം നടന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ആ സമ്മേളനം. കാര്‍ഗെ, ഫാറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്സി യാദവ് തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പങ്കെടുത്തു. അതില്‍ സ്റ്റാലിന്‍ പറഞ്ഞ ഒരു വാക്കുണ്ട്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ല. മുസ്‌ലിംലീഗും അത് തന്നെയാണ് പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര മഹത്തായ ഒരു സാക്ഷ്യമാണ്. കന്യാകുമാരിയില്‍ ജോഡോ യാത്രക്ക് #ാഗ് ഓഫ് നിര്‍വഹിച്ചത് സ്റ്റാലിന്‍ ആയിരുന്നു എന്നത് നമുക്ക് അഭിമാനം നല്‍കുന്നുണ്ട്. മാത്രവുമല്ല, നിതീഷ് കുമാറും ലാലുവും കോണ്‍ഗ്രസിനെ അംഗീകരിക്കുന്നുമുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇവ്വിധം കൂടുതല്‍ കരുത്താര്‍ജിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്. 2024ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനു മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്ത്‌വരണം. വോട്ടുകള്‍ ഭിന്നിക്കുന്നതിലാണ് ബി.ജെ.പി തക്കം പാര്‍ക്കുന്നത്. രാജ്യത്തെ ഇനിയും വര്‍ഗീയ ചേരിതിരിവിലേക്ക് വിട്ടുകൂടാ. ബാബരി മസ്ജിദ് വര്‍ഗീയവാദികള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ സമാധാനത്തിന്റെ പാത സ്വീ കരിച്ച പാര്‍ട്ടി നിലപാട് പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അവസരോചിത നിലപാടാണ് അന്ന് രാജ്യത്തെ ഒരുമിച്ചുനിര്‍ത്തിയത്.
രാജ്യത്തിനു കോട്ടങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയത്. പൗരന്മാരെ രണ്ടായി വിഭജിക്കുന്നത് ഭരണകൂടുത്തിനു ഭൂഷണമല്ല. പൗരത്വ പ്രശ്‌നം വന്നപ്പോഴും മുസ്‌ലിംലീഗ് പ്രതിഷേധങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നു. പൗരത്വ നിയമത്തില്‍ ആദ്യം കോടതിയെ സമീപിച്ചതും മുസ്‌ലിംലീഗാണ്. വര്‍ഗീയതയും ഫാസിസവും രാജ്യത്തിന്റെ അടയാളമാക്കിയാണ് ബി.ജെ.പി ഭരണകൂടം മുന്നോട്ടുപോകുന്നത്. സര്‍വമേഖലയിലും രാജ്യം തകര്‍ന്നിരിക്കുന്നു. വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടി. ഇന്ധന വില എല്ലാ ദിവസവുമെന്നോണം കൂടികൊണ്ടിരിക്കുന്നു. നോട്ട് നിരോധനമുള്‍പ്പെടെ ജനവിരുദ്ധമായ നടപടികളില്‍ ഏറെ പൊറുതിമുട്ടി. ഇത്തരം നടപടികള്‍ക്കെതിരെ രംഗത്ത് വന്നേപറ്റൂ. രാജ്യത്തെ മതേതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവരണം.