പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദത്തില്‍ സാമ്പത്തിക ക്രമകേടുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ഫ്രഞ്ച് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗമാണ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. 2010 ലെ ഫിഫ കോണ്‍ഗ്രസ്സില്‍ വെച്ചായിരുന്നു 2018 ല്‍ റഷ്യക്കും 2022 ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ശക്തര്‍ ലോകകപ്പ് വേദിക്കായി രംഗത്തുള്ളപ്പോള്‍ ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് ഇതിന് പിറകിലുണ്ടെന്ന് യൂറോപ്പ് ആരോപിച്ചതിന് പിറകെയായിരുന്നു അന്വേഷണം നടന്നതും പ്ലാറ്റിനിയും അന്ന് ഫിഫയുടെ തലവനായിരുന്ന സെപ് ബ്ലാറ്ററും ആരോപണ വിധേയരായതും. തുടര്‍ന്ന് ഫിഫ എത്തിക്‌സ് കമ്മിറ്റി പ്ലാറ്റിനിക്കും ബ്ലാറ്റര്‍ക്കും ആദ്യം എട് വര്‍ഷത്തേക്കും പിന്നെ അത് ആറാക്കി ചുരുക്കിയും ഒടുവില്‍ നാല് വര്‍ഷമായും വിലക്ക് പ്രഖ്യാപിച്ചത്. 2016 ല്‍ പ്ലാറ്റിനി യുവേഫ അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു. 2010 ല്‍ ഫിഫ കോണ്‍ഗ്രസില്‍ വെച്ച് ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിന് മുമ്പ് താന്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി, ഇപ്പോഴത്തെ ഖത്തര്‍ അമീര്‍ എന്നിവര്‍ക്കൊപ്പം പ്രസിഡിഡണ്ടിന്റെ കൊട്ടാരത്തില്‍ വെച്ച് ഭക്ഷണം കഴിച്ചിരുന്നതായി പ്ലാറ്റിനി വെളിപ്പെടുത്തിയിരുന്നു ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതിനോട് സര്‍ക്കോസിക്കും താല്‍പ്പര്യമുണ്ടായിരുന്നു. ഖത്തറിന് അനുകൂലമായാണ് പ്ലാറ്റിനി വോട്ട് ചെയ്തതെന്നായിരുന്നു ആരോപണം. വിവാദം ശക്തമായപ്പോള്‍ ഖത്തറിന് അനുകൂലമായാണ് താന്‍ വോട്ട് ചെയ്തതെന്നും എന്നാല്‍ ആ തീരുമാനത്തിന് പിറകില്‍ സാമ്പത്തിക താല്‍പ്പര്യമില്ലെന്നും അന്വേഷണത്തിലൂടെ എന്തെങ്കിലും കണ്ടെത്താനായാല്‍ ലോകകപ്പ് വേദിയുടെ കാര്യത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കപ്പെട്ടതിന് ശേഷം ഖത്തറും ഫ്രാന്‍സും തമ്മില്‍ ശക്തമായ വ്യാപാര ബന്ധം ഉടലെടുത്തതായും പറയപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് പ്ലാറ്റിനിയെ കസ്റ്റഡിയിലെടുത്തതെന്നാണ് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയതുമില്ല.
ഖത്തര്‍ ലോകകപ്പ് വിവാദം: മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു
Tags: Qatar world cup