ന്യൂഡല്‍ഹി: ശസ്ത്രക്രിയക്ക് പിന്നാലെ മരണപ്പെട്ട പെണ്‍കുട്ടി ബന്ധുക്കള്‍ പരാതിയുമായി രംഗത്ത്. ശസ്ത്രക്രിയക്ക് കൊണ്ടുവന്ന 15 വയസുകാരിയുടെ അവയവങ്ങള്‍ മാറ്റി പകരം പ്ലാസ്റ്റിക് കവറ് നിറച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ കുടുംബമാണ് പരാതിയുമായി വന്നത്. ഡല്‍ഹിയിലാണ് ക്രൂരമായ സംഭവം.
ജനുവരി 21നാണ് കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെണ്‍കുട്ടി ജനുവരി 26 ന് മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ല. പിന്നീട് നടന്ന സംസ്‌കാര ചടങ്ങിനിടെയാണ് കുടുംബക്കാര്‍ക്ക് പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നഷ്ടപ്പെട്ടെന്ന സംശയമുണ്ടായത്. തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സാഗര്‍ സിങ് കല്‍സി പറഞ്ഞു.
കുടുംബം ഉന്നയിച്ച പരാതി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സത്യമാണോയെന്ന് പറയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുട്ടിയുടെ മൃതദേഹത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.