X

നട്ടു നനക്കേണ്ടത് പരിസ്ഥിതി ബോധം-എഡിറ്റോറിയല്‍

സര്‍വചരാചരങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമിയെ സംരക്ഷിച്ച് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജൂണ്‍ അഞ്ച് കടന്നുപോയി. പതിവുപോലുള്ള ആചരണങ്ങള്‍ ലോകമൊട്ടുക്കും സംഘടിപ്പിക്കപ്പെട്ടു. പ്രതിജ്ഞ പുതുക്കിയും മരങ്ങള്‍ നട്ടുപിടിപ്പിച്ചും പരിസ്ഥിതിദിനത്തെ അര്‍ഹിക്കുന്ന ബഹുമതികളോടെ തന്നെയാണ് യാത്രയാക്കിയത്. പച്ചക്കുട ചൂടി നന്മകള്‍ പൂത്തുലഞ്ഞ് ഭൂമി നാളെയും അവശേഷിക്കണമെന്ന ആഗ്രഹം ഒരിക്കല്‍ കൂടി പങ്കുവെക്കപ്പെട്ടു. കേരളത്തിലുടനീളം മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ ലക്ഷക്കണക്കിന് മരങ്ങള്‍ നട്ടു. പക്ഷെ, കഴിഞ്ഞ പരിസ്ഥിതിദിനത്തിന് നട്ടുപിടിപ്പിച്ച ചെടികള്‍ അവിടെതന്നെ ഉണ്ടോ എന്ന് അന്വേഷിച്ചവരും ആലോചിച്ചവരും ചുരുക്കമായിരിക്കും. ജൂണ്‍ അഞ്ചിന് പൊട്ടിമുളക്കുന്ന പരിസ്ഥിതി സ്‌നേഹം പിന്നീട് തളിര്‍ത്തു കാണാറില്ല. ദിനാചരണത്തിനപ്പുറം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുസുണ്ടാകാറില്ല. നമ്മുടെ പരിസ്ഥിതി സംരക്ഷണം മരങ്ങള്‍ നടുന്നതില്‍ ചുരുങ്ങുകയും അതോടൊപ്പം വാടുകയും ചെയ്യുന്നു.

സസ്യജാലങ്ങളോടൊപ്പം ഭൂമിക്ക് ജീവന്‍ നല്‍കുന്ന മറ്റനേകം ഘടങ്ങകളുണ്ടെന്ന വസ്തുത ലോകം വിസ്മരിച്ചതുപോലെ തോന്നുന്നു. കേവലം പ്രചാരണത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയല്ലാതെ പ്രയോഗിക തലത്തില്‍ ഒന്നും സംഭവിക്കുന്നില്ല. വായവും മണ്ണും ജലസ്രോതസ്സുകളും ഒരുപോലെ മലിനീകരിക്കപ്പെടുകയും കുന്നുകള്‍ ഇടിച്ചും ഗര്‍ത്തങ്ങള്‍ നിര്‍മിച്ചും ഭൂമിയില്‍ രൂപമാറ്റങ്ങള്‍ നിരന്തരം നടത്തുകയും ചെയ്യുന്ന വികസന ഭ്രാന്തില്‍ പരിസ്ഥിതി സംരക്ഷണം മുദ്രാവാക്യം മാത്രമാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഭൂമിയെ വാസയോഗ്യമല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. ദുരന്തങ്ങളും ദുരിതങ്ങളും മനുഷ്യരാശിയെ നിരന്തരം വേട്ടയാടുമ്പോഴും വരുംതലമുറയ്ക്കുവേണ്ടി ഭൂമിയെ ബാക്കിവെക്കണമെന്ന ഗൗരവ ചിന്തയിലേക്ക് ലോകം വളര്‍ന്നിട്ടില്ല. പ്രകൃതിയെ കാര്‍ന്നു തിന്നുന്ന പരിസ്ഥിതി മലിനീകരണവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചയാകാതെ പോകുന്നു. ജലാശയങ്ങളുടെ സംരക്ഷണം പരിസ്ഥിതി ദിന ചര്‍ച്ചകളില്‍ അജണ്ടയാകുന്നില്ല. ഭൂമി നേരിടുന്ന ഏറ്റവും വലിയ വിപത്ത് മാലിന്യങ്ങളാണ്. തോടുകളിലും നദികളിലും കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ വലിയ ദുരന്തത്തിലേക്കാണ് ഒഴുക്കിക്കൊണ്ടുപോകുന്നത്. ജൈവവൈവിധ്യങ്ങളുടെ വിനാശവും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യക്ഷ വെല്ലുവിളികളാണ്.

പ്രകൃതി സംരക്ഷണം ചര്‍ച്ച ചെയ്യാന്‍ ആഗോള ഉച്ചകോടികളും ആചാരണങ്ങളും മുടക്കം കൂടാതെ നടക്കാറുണ്ട്. അത്തരം അന്താരാഷ്ട്ര വേദികള്‍ പോലും ലോകനേതാക്കള്‍ക്ക് ഏകോപിത തീരുമാനത്തിലെത്താന്‍ സാധിക്കാതെ തല്ലിപ്പിരിയുകയാണ് പതിവ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രകൃതിക്ക് കത്തിവെക്കാന്‍ ഭരണകൂടങ്ങള്‍ ഒട്ടും മടി കാട്ടാറില്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ പറഞ്ഞ് സമ്പന്ന, ദരിദ്ര രാജ്യങ്ങള്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രകൃതിക്ക് കാവല്‍ക്കാരില്ലാതെ പോകുന്നു. അതിനിടയ്ക്ക് മരിച്ചുവീഴുന്ന മനുഷ്യരും വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളും അനവധിയാണ്. പുകയില ഉപയോഗത്തെക്കാള്‍ വായുമാലിനീകരണമാണ് ഏറ്റവും കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലോകത്ത് വായു മലിനീകരണം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

പ്രകൃതി സംരക്ഷണത്തിന് അര്‍ഹിക്കുന്ന പരിഗണന ഭരണകൂടങ്ങല്‍ നല്‍കിക്കാണാറില്ല. ജനങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാരുകള്‍ വികസനത്തിന്റെ പേരില്‍ ഭൂമിക്കുനേരെ വലിയ കടന്നാക്രമണങ്ങളാണ് നടത്തുന്നത്. കേരളത്തില്‍ കെ റെയില്‍ പദ്ധതി ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ചിട്ടില്ല. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് നിര്‍മിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സസ്യജാലങ്ങളുടെ നാശത്തോടൊപ്പം ഓരോ പ്രദേശത്തും വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. പതിനായിരക്കണക്കിന് മരങ്ങളോടൊപ്പം പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള അഞ്ച് ഏക്കറോളം കണ്ടല്‍ക്കാടുകളും പദ്ധതിക്കുവേണ്ടി നശിപ്പിക്കേണ്ടിവരും. 25 മീറ്റര്‍ വീതിയില്‍ 529.45 കിലോമീറ്റര്‍ ദൂരം പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറിയേക്കും. അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ പ്രവചിക്കാന്‍ പോലും സാധ്യമല്ലാത്ത വിധം ഭീകരമായിരിക്കും.

ഭരണകൂടത്തിന്റെ അന്ധമായ വികസന പദ്ധതികള്‍ പ്രകൃതിയെ എത്രത്തോളം തകര്‍ക്കുമെന്ന് മനസ്സിലാക്കാന്‍ കെ റെയില്‍ തന്നെ ധാരാളം. പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതിന് ബോധപൂര്‍വ്വമായ നീക്കങ്ങള്‍ ആവശ്യമാണ്. വാചകങ്ങളിലും ആചാരണങ്ങളിലും മാത്രമായി ഒതുങ്ങേണ്ടതല്ല. നിയമനിര്‍മാണത്തോടൊപ്പം കര്‍ശനമായ പ്രായോഗിക നടപടികളും വേണം. ഗൗരവമുള്ള ആത്മപരിശോധനകളാണ് ആവശ്യം. പരിസ്ഥിതി ബോധം ജനമനസ്സില്‍ നട്ടുപിടിക്കാനുള്ള സന്ദര്‍ഭമായി ജൂണ്‍ അഞ്ച് മാറേണ്ടിയിരിക്കുന്നു.

Chandrika Web: