അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എല്ലാ ഓണക്കാലവും നൽകിവന്നിരുന്ന എസ്ഗ്രേഷ്യ 2000 രൂപ ഇത്തവണ നിർത്തലാക്കിയതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. വർദ്ധിച്ച വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും നേരിട്ട ഇത്തവണത്തെ ഓണക്കാലത്ത്
മൂന്നു വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എസ്ഗ്രേഷ്യാ ഒഴിവാക്കി സർക്കാർ പ്രത്യേക ഉത്തരവിറക്കിയ നടപടി റദ്ദുചെയ്യണമെന്ന് പ്ലാൻ്റേഷൻ ഫെഡറേഷൻ ( ഐഎൻടിയുസി) ആവശ്യപ്പെട്ടു.
തോട്ടം ഉടമ അകാരണമായി അടച്ച ബോണക്കാട് എസ്റ്റേറ്റിൽ മുമ്പ് പട്ടിണി മരണം നടന്നിരുന്നു. അതിനു ശേഷം കളക്ടർ ചെയർമാനായി സർക്കാർ റിലീഫ് കമ്മിറ്റി രൂപീകരിക്കുകയും മൂന്നു കോടി രൂപ റിലീഫ് ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. ആ തുക ചിലവഴിച്ച് ലയം നവീകരണത്തിന് ആലോചിക്കുന്ന
സർക്കാർ വീണ്ടും പട്ടിണി മരണത്തിലേക്ക് തൊഴിലാളികളെ തള്ളിവിടരുതെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
എസ്ഗ്രേഷ്യാ നിഷേധിച്ച നടപടി റദ്ദു ചെയ്ത് തൊഴിലാളികൾക്ക് തുക വിതരണം ചെയ്തില്ലെങ്കിൽ പട്ടിണി സമരമാരംഭിക്കാനും പ്ലാൻ്റേഷൻ ഫെഡറേഷൻ യോഗം തീരുമാനിച്ചു. യോഗം പ്ലാൻ്റേഷൻ ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. വിതുര അനിരുദ്ധൻ നായർ അദ്ധ്യക്ഷനായി. അരുവിയോട് സുരേന്ദ്രൻ, ആർ.തങ്കദുരൈ, പൊൻമുടി പ്രകാശ്, മേമല വിജയൻ, വിഷ്ണു ആനപ്പാറ, ജയിൻ പ്രകാശ്, അംബിക തുടങ്ങിയവർ പ്രസംഗിച്ചു.