ഫൈസല്‍ മാടായി കണ്ണൂര്‍
വിദ്യാലയങ്ങളിലെ അക്കാദമികവും ഭരണപരവുമായ ചുമതലകള്‍ക്കിടെ ഉച്ചഭക്ഷണ മേല്‍നോട്ടത്തിലും വട്ടംകറങ്ങി പ്രധാനാധ്യാപകര്‍. കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായതോടെയാണ് പ്രധാനാധ്യാപകരെ പ്രയാസത്തിലാക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം കടുത്ത മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുവെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഇവര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന തടസങ്ങള്‍ നീക്കാന്‍ ഭരണ കാര്യാലയങ്ങള്‍ കയറിയിറങ്ങേണ്ടി വരികയാണ്.
ഉച്ചഭക്ഷണ പദ്ധതി കുടുംബശ്രീയെയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്ത് എജ്യുക്കേഷന്‍ അധികാരികളെയും ഏല്‍പ്പിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം. ഉച്ചഭക്ഷണ ചുമതലയും പഞ്ചായത്ത് പദ്ധതി നിര്‍വഹണവും ബാധ്യതയായതോടെ ജോലിഭാരം കുറക്കാന്‍ അനുഭാവപൂര്‍വ നടപടിയുണ്ടാകണമെന്ന് കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. 150 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു കുട്ടിക്ക് എട്ട് രൂപയും 500 വരെയെങ്കില്‍ ഏഴ് രൂപയും 500ല്‍ അധികമായാല്‍ ആറ് രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇപ്പോള്‍ രണ്ട് ബാച്ചുകളിലായി അധ്യയനം നടക്കുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് കുട്ടികള്‍ പഠിക്കാനെത്തുന്നത്. 24 രൂപയാണ് ആഴ്ചയില്‍ ഒരു കുട്ടിക്ക് ലഭിക്കുക. പാലും മുട്ടയും കൊടുക്കാന്‍ ആഴ്ചയില്‍ ഒരു കുട്ടിക്ക് 20 രൂപയാണ് ചെലവ്. ബാക്കിവരുന്ന നാല് രൂപകൊണ്ടാണ് ഒരു കുട്ടിക്ക് മൂന്ന് ദിവസം ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും മസാലപൊടികളും വെളിച്ചെണ്ണയും വാങ്ങുന്നത്. മിച്ചം വരുന്ന തുക കൊണ്ട് തന്നെ പാചകവാതക വില, വാഹനക്കൂലി, കയറ്റിറക്ക് കൂലി എന്നിവയും നല്‍കണം.
നിലവില്‍ 300 കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ മാസത്തില്‍ 15000 രൂപ പ്രധാനാധ്യാപകന്‍ കണ്ടെത്തണം. 2016ലാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കണ്ടിജന്‍സി നിരക്ക് പ്രതിദിനം കുട്ടിയൊന്നിന് എട്ട് രൂപയായി നിശ്ചയിച്ചത്. പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങിയവയുടെ വില ഇരട്ടിയായിട്ടും നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കണ്ടിജന്‍സി തുക 16 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തുടരുന്ന കാലയളവില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് ആഴ്ചയില്‍ ആറ് ദിവസത്തേക്ക് തുക അനുവദിക്കണമെന്നും ഉച്ചഭക്ഷണ വിതരണം കുടുംബശ്രീയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയരുകയാണ്. വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ 27ന് തിരുവനന്തപുരം ഡിജിഇ ആസ്ഥാനത്ത് അടുപ്പ് കൂട്ടി സമരം നടത്താനാണ് അസോസിയേഷന്‍ ഒരുങ്ങുന്നത്.