മുംബൈ: പണമിടപാടുകളില്‍ ചെറുകിട സ്വര്‍ണ വ്യാപാര മേഖലയിലും കേന്ദ്രത്തിന്റെ പിടി വീഴുന്നു. പണത്തിടുക്കം മാറ്റാനായുള്ള സാധാരണക്കാരുടെ സ്വര്‍ണം വില്‍ക്കല്‍ പരിപാടി ഇനി പരുങ്ങലിലാവും.
സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് ഒരുദിവസം നേടാവുന്ന പരമാവധി നോട്ടുകളുടെ തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ചതായി റിപ്പോര്‍ട്ട്. ഭേദഗതി ചെയ്ത പുതിയ ഫിനാന്‍സ് ബില്‍ ഏപ്രില്‍ ഒന്നുമുതല്‍ ബാധകമാകുമെന്നാണ് വിവരം. അതേസമയം വിറ്റ സ്വര്‍ണത്തിന്റെ 10,000 രൂപ കഴിച്ചുള്ള തുക ചെക്കായോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ കൈമാറാം.
ബില്‍ പരിധിയെ മറികടക്കാന്‍ ജ്വല്ലറികളോ, സ്വര്‍ണ വ്യാപാരികളോ ശ്രമിച്ചാല്‍ പിടിവീഴുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ദിവസം പതിനായിരത്തിലേറെ തുക രണ്ടോ മൂന്നോ തവണയായി വാങ്ങിയതായി തെളിഞ്ഞാല്‍ നികുതി വകുപ്പ് പിടികൂടുമെന്നാണ് മുന്നറിയിപ്പ്. ഇതാനായി ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തന്നെ മാറി വില്പന നടത്തിയാലൂം കുടുങ്ങും.
പണമിപാടുകള്‍ക്കായി നെട്ടോട്ടമോടുന്ന സാധാരണക്കാരെയാണ് പുതിയ നിയമം കൂടുതല്‍ ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. ദിനേനയുണ്ടാവുന്ന അത്യാവശ്യങ്ങള്‍ക്കായി പണം സമാഹരിക്കാന്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ ഇത്തരക്കാരിലേറെയും. ബാങ്കിങ് ഇടപാടുകള്‍ സാധാരണമല്ലാത്ത ഗ്രാമീണരുടെ ഇടയിലും പുതിയ നിയമം ബുദ്ധിമുട്ടുണ്ടാക്കും.