സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനടുത്ത് വിമാനാപകടം. ഹോട്ടലിന് 30 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്ക് ഹോട്ടലിനു സമീപമാണ് ചെറുയാത്രാ വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഓസീസ് പര്യടനത്തിനു മുന്നോടിയായി ക്വാറന്റീനില്‍ കഴിയുന്ന ഹോട്ടല്‍ ആണ് ഇത്.
എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് ഫ്‌ലൈയിംഗ് സ്‌കൂളിന്റെ വിമാനം തകര്‍ന്നുവീണത്. പ്രാദേശിക ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന ഒരു മൈതാനത്തിലേക്കാണ് വിമാനം തകര്‍ന്നുവീണത്. കളിച്ചുകൊണ്ടിരുന്നവര്‍ അപകടം കണ്ട് ഓടി രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഓസീസ് പര്യടനത്തിനായി സിഡ്‌നിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ആദ്യമായി പരിശീലനത്തിനിറങ്ങിയിരുന്നു. ഐപിഎല്‍ അവസാനിച്ചതിനു ശേഷം ദുബായില്‍ നിന്നാണ് താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്‌ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി20, ടെസ്റ്റ് പരമ്പരകള്‍ ഉള്‍പ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നില്‍ക്കും.
നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. ഡിസംബര്‍ നാലിനാണ് ടി20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്.