X
    Categories: Newsworld

നേപ്പാളില്‍ തകര്‍ന്നുവീണ വിമാനം കണ്ടെത്തി; യാത്രക്കാരെക്കുറിച്ച് വിവരമില്ല

കാഠ്മണ്ഠു: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷടങ്ങള്‍ കണ്ടെത്തി.മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയത്.ഇന്ന് രാവിലെയോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അതിന്റെ ചിത്രം സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.എന്നാല്‍ യാത്രക്കാരെ കുറിച്ചുള്ള വിവരം ഒന്നും തന്നെ ലഭ്യമല്ല.തിരച്ചില്‍ തുടരുകയാണെന്നും വൈകാതെ കൂടതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും സൈനിക വാക്താവ് അറിയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ താരാ എയറിന്റെ ഉടമസ്ഥതയിലുള്ള യാത്രാ വിമാനം തകര്‍ന്നുവീണത്. നാല് ഇന്ത്യക്കാരടക്കം 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെക്കുറിച്ച് വിവരമില്ല. തിബറ്റിനു സമീപം മുസ്താങ് ജില്ലയിലാണ് വിമാനം തകര്‍ന്നത്.

അപകടത്തില്‍ പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു വരികയാണെന്ന് കാഠ്മണ്ഠുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിവരങ്ങള്‍ കൈമാറുന്നതിന് +977985110 7021 നമ്പറില്‍ എംബസി ഹോട്ട്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ കാലത്ത് 9.50നാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയില്‍ നിന്ന് 9എന്‍- എ.ഇ.ടി ട്വിന്‍ ഓട്ടര്‍ വിമാനം പറന്നുയര്‍ന്നത്. ഇന്ത്യക്കാര്‍ക്കു പുറമെ രണ്ടു ജര്‍മ്മന്‍ പൗരന്മാരും 13 നേപ്പാളികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലിറ്റി പാസിനു മുകളില്‍ വച്ചാണ് അവസാന സന്ദേശം ലഭിച്ചത്. പിന്നീട് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്. കോവാങിനും മുസ്താങിനും ഇടയില്‍ ലാംചേ നദിയുടെ ഉത്ഭവ സ്ഥാനത്തോടു ചേര്‍ന്നാണ് വിമാനം തകര്‍ന്നത്.

Chandrika Web: