X

രാജസ്ഥാനിലെ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ സോഷ്യല്‍മീഡിയ ഭ്രമം; വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി

ബംഗളൂരു: 2013ല്‍ രാജസ്ഥാനിലുണ്ടായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് യുദ്ധ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ
സോഷ്യല്‍ മീഡിയയിലുള്ള അത്യാസക്തിയാണെന്ന് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ബംഗളൂരുവില്‍ 57-ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയറോ സ്‌പെയ്‌സ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി വൈകിയും സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിച്ചതിനാല്‍ പൈലറ്റിന്റെ ഉറക്കം കുറഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യോമസേന മേധാവി വ്യക്തമാക്കി.

രാജസ്ഥാനിലെ ബാര്‍മറിലെ ഉത്തര്‍ലായിയിലാണ് എയര്‍ഫോഴ്‌സ് ഫൈറ്റര്‍ ജെറ്റ് തകര്‍ന്നത്. ഈ സംഭവത്തിനു പിന്നില്‍ പൈലറ്റിന്റെ ഉറക്കകുറവായിരുന്നു കാരണമെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍മീഡിയ അഡിക്ഷന്‍ കാരണം, ദിവസങ്ങളോളം പൈലറ്റിന് കൃത്യമായ ഉറക്കമുണ്ടായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍വീസ് പുറപ്പെടുന്നതിന് മുമ്പ് പൈലറ്റുമാര്‍ കൃത്യമായി ഉറങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി പ്രത്യേക സംവിധാനം കണ്ടുപിടിക്കണമെന്നും എയര്‍ചീഫ് മാര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയറോ സ്‌പേസിനോട് വ്യോമസേന മേധാവി ആവശ്യപ്പെട്ടു.

നേരത്തെ പൈലറ്റ് അമിതമായി മദ്യപിച്ചുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. നമുക്കതിന് ബ്രീത്ത് അനലൈസറുകളുണ്ട്. അതുപോലെ പൈലറ്റുമാര്‍ കൃത്യമായി ഉറങ്ങിയിരുന്നുവോയെന്ന് പരിശോധിക്കാനും സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: