മതേതര, ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ സഞ്ചാര പാത. ബാബരി മസ്ജിദ് ഇല്ലാത്ത ഇന്ത്യയില്‍നിന്ന് ബഹുസ്വരതയുടെ അടയാളങ്ങളെല്ലാം മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര ശക്തികള്‍. ബാബരി മസ്ജിദ് പൊളിക്കല്‍ സംഘ്പരിവാര ശക്തികളുടെ ടെസ്റ്റ്‌ഡോസ് മാത്രമായിരുന്നു. 400 വര്‍ഷം പഴക്കമുള്ള മുസ്‌ലിം ആരാധനാലയം അധികാരം ഇല്ലാതിരിക്കെ തന്നെ തകര്‍ക്കാന്‍ മാത്രം ശക്തിയുള്ള ആള്‍ക്കൂട്ടത്തെ സജ്ജമാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇപ്പോള്‍ അധികാരം സംഘ്പരിവാറിന്റെ കൈകളിലാണ്. ബാബരി മസ്ജിദിനുശേഷം മറ്റു പള്ളികളിലേക്കും അവരുടെ കണ്ണുകള്‍ പതിഞ്ഞിരിക്കുന്നു. ഗ്യാന്‍വാപി മസ്ജിദ് മറ്റൊരു ബാബരിയാകാനുള്ള നിലയൊരുക്കലെല്ലാം പൂര്‍ത്തിയായി. മഥുര, കാശി.. ലിസ്റ്റ് നീളുകയാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇവയിലൊന്ന് പൊക്കിക്കൊണ്ടുവരും. അങ്ങനെ എല്ലാ കാലത്തും പ്രശ്‌നം വൈകാരികമായി നിലനിര്‍ത്തും. പെരും നുണകളാല്‍ ചരിത്രത്തെ വളച്ചൊടിച്ച് സാധാരണ ഹൈന്ദവരുടെ മനസ്സുകളില്‍ നിറച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്.
ഇതിന്റെ മറ്റൊരു വശമാണ് പേര് മാറ്റല്‍ പ്രക്രിയ. ഷിംല ശ്യാമളയാവുന്നതും അലഹാബാദ് പ്രയാഗ്‌രാജ് ആകുന്നതും ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യയെന്നാക്കി മാറ്റുന്നതുമൊക്കെ അങ്ങനെയാണ്. അഹമ്മദാബാദിന്റെ പേര് എത്രയും പെട്ടെന്ന് കര്‍ണാവതിയാക്കാന്‍ തയ്യാറാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞുകഴിഞ്ഞു. ആഗ്രയെ ആഗ്രവാന്‍ എന്നോ ആഗ്രവാള്‍ എന്നോ മാറ്റണമെന്ന ആവശ്യവുമായി ആഗ്രയിലെ എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. മുസഫര്‍ നഗറിനെ ലക്ഷ്മിനഗര്‍ എന്നാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഒരു വര്‍ഷത്തിനിടെ 25 സ്ഥലങ്ങളുടെ പേര് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തര്‍പ്രദേശിലേതടക്കം നിരവധി പേരുമാറ്റങ്ങള്‍ ഇനിയും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്. താജ്മഹലിന്റെ കാലപ്പഴക്കവും ചരിത്രവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി രൂക്ഷമായ ഭാഷയോടെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയത്. എന്തിനും ഏതിനും കോടതിയെ വലിച്ചിടരുത്. താജ്മഹലിന്റെ കാലപ്പഴക്കം എത്രയാണെന്നോ അല്ലെങ്കില്‍ അതിന്റെ ചരിത്രപരമായ വസ്തുതകളെന്താണെന്നോ നിശ്ചയിക്കാന്‍ ഞങ്ങള്‍ക്കാകുമോ? അതും 400 വര്‍ഷത്തിന് ശേഷം. എന്നാണ് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്.
ഇന്ത്യയുടെ ബഹുസ്വരതയെതന്നെ ഇല്ലായ്മ ചെയ്യുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ ഭാഷ എന്ന അത്യന്തം ഗുരുതര പ്രത്യാഘാതങ്ങളുള്ള നയത്തിനും ഭരണകര്‍ത്താക്കള്‍ കോപ്പുകൂട്ടുന്നുണ്ട്. ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള നീക്കം കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. ഫാസിസ്റ്റ് അജണ്ടയാണ് രാഷ്ട്രത്തിന് ഏക ഭാഷ എന്നത്. രാഷ്ട്രത്തിന്റെ ഐക്യം സംരക്ഷിക്കപ്പെടുന്നതിന്പകരം അതിന്റെ ശിഥിലീകരണത്തിലേക്കാണ് ഇത് നയിക്കുക. ഹിന്ദി സംസാരിക്കുന്നവരെ ഒന്നാം തരം പൗരരും അല്ലാത്തവരെ രണ്ടാം തരക്കാരുമായി മാറ്റിയെടുക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പിനാണ് സംഘ്പരിവാരം ശ്രമിക്കുന്നത്.
ഇതെല്ലാം സ്വരുക്കൂട്ടന്നത് രാജ്യത്തെ ഏക സിവില്‍കോഡില്‍ കൊണ്ടുചെന്നെത്തിക്കാനാണ്. പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാറും. ഇടയ്ക്കിടെ മുദ്രാവാക്യം പോലെ ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന് പറയുന്ന ബി.ജെ.പി മുസ്‌ലിം സമുദായത്തെ പേടിപ്പിച്ചുനിര്‍ത്താനാണ് നോക്കുന്നത്.
മുസ്‌ലിംകളെ ഉന്നംവെച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വപ്രശ്‌നം ഡമോക്ലസിന്റെ വാളു പോലെ തൂങ്ങിയാടുന്നുണ്ട്. ജനിച്ചുവളര്‍ന്ന നാട്ടില്‍ രണ്ടാംകിട പൗരന്മാരായി കഴിയേണ്ടതിന്റെ അവഹേളനയിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുക. ഇന്ത്യ ഇന്ത്യക്കാരുടേതാണെന്ന ബോധമില്ലാത്തവരാണ് ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട് അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനേ രാജ്യത്തെ രക്ഷിക്കാനാകൂ. ഓരോ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളും ആരാധാനാലയങ്ങളും വിലപ്പെട്ടതാണ്. തുല്യതയില്ലാത്ത വിട്ടുവീഴ്ചയാണ് ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ കൈക്കൊണ്ടത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ രാജ്യം അവര്‍ക്ക് നീതി നല്‍കിയിട്ടില്ല. ഇനിയുമൊരു ആരാധനാലയം തകര്‍ന്നുവീഴരുത്. അത് രാജ്യത്തിനും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് കരണീയ മാര്‍ഗം.