X

ഏക സിവിൽ കോഡ് ബഹുസ്വരതയുടെ വിഷയമാണെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗ് : മലബാറിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധിയിൽ സർക്കാർ നിസ്സംഗത വെടിയണമെന്നും പി .കെ.കുഞ്ഞാലിക്കുട്ടി

ഏക സിവിൽ കോഡ് ബഹുസ്വരതയുടെ വിഷയമാണെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗ് ആണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ബഹുസ്വരതയ്ക്ക് എന്നും വലിയ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന പാർട്ടിയാണ്. മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി ഇതൊരു മുസ്‌ലിം വിഷയമല്ല ബഹുസ്വരതയുടെ വിഷയമാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത് മുസ്‌ലിം ലീഗാണ്. പാർട്ടി ബഹുസ്വരതക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് പാർട്ടി നേതാക്കളുടെ മണിപ്പൂർ സന്ദർശനം എന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ബഹുസ്വരതയും മതേതരത്വം ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളമടക്കമുള്ള സ്ഥലങ്ങളിൽ വർഗീയ ശക്തികൾക്ക് സ്ഥാനമുറപ്പിക്കാൻ കഴിയാത്തത് എന്നും പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനം,പാർലമെന്റിൽ ബില്ല് കൊണ്ടുവരുമ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിർക്കാനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് ബഹുസ്വരതാ കാമ്പയിനിൽ മുസ്‌ലിം ലീഗ്‌ വളരെ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്ലസ്ടു സീറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനാ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. പക്ഷെ ഗവൺമെന്റ് ഇപ്പോഴും ഇക്കാര്യത്തിൽ നിസ്സംഗത തുടരുകയാണ്. പാർട്ടി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്. പ്രതികരണം അനുകൂലമായിരുന്നു.പക്ഷെ സമയം കഴിഞ്ഞിരിക്കുന്നു. താമസിയാതെ ഇക്കാര്യത്തിലുള്ള അനിശ്ചിതത്ത്വം അവസാനിപ്പിക്കണം. ഉന്നത വിജയം നേടിയ കുട്ടികൾക്ക് പോലും തുടർന്ന് പഠിക്കാൻ അവസരമൊരുക്കാത്തത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. പോസിറ്റിവായ ഒരു തീരുമാനം സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് ഈ ഘട്ടത്തിലും ഞങ്ങൾ പ്രതീക്ഷിക്കുന്നതായും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

.

webdesk15: