X

ഈ വിശ്വാസം എന്നെന്നും കാത്തുസൂക്ഷിക്കും: പി.കെ.കുഞ്ഞാലിക്കുട്ടി

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിര നിർമാണത്തിനുള്ള ധനശേഖരണം ലക്ഷ്യത്തിലെത്തിയ സന്തോഷം പങ്കുവച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സംരഭത്തിന് പിന്തുണയേകിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി

കുറിപ്പിന്റെ പൂർണ്ണ രൂപം :

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.

സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ നേതൃമഹിമ തന്നെയായിരുന്നു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഏറ്റവും വലിയ ആത്മ വിശ്വാസം. ഒരു മാസക്കാലം നീണ്ടു നിന്ന ധനസമാഹരണ കാമ്പയിൻ ഉജ്ജ്വല വിജയമാക്കി ആ മഹത്തായ ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുത്തിരിക്കുന്നു. പി.എം.എ സലാം അടക്കമുള്ള സംസ്ഥാന നേതൃത്വവും, യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതാക്കളും, ജില്ലാ, മണ്ഡലം,പഞ്ചായത്ത്, വാർഡ് നേതാക്കളും മത്സര ബുദ്ധിയോടെ ഒറ്റക്കെട്ടായി ചേർന്ന് നിന്നപ്പോൾ അതൊരു ചരിത്രമായി.

ഹരിത രാഷ്ട്രീയത്തെ നെഞ്ചിലെ തുടിപ്പായി കൊണ്ട് നടക്കുന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകരെ,
നിങ്ങൾക് അവകാശപ്പെട്ടതാണ് ഈ ചരിത്ര രചനയുടെ മുഴുവൻ ബഹുമതികളും. ഒരു നിയോഗം പോലെ ഈ ദൗത്യത്തെ ഏറ്റെടുത്ത് നിങ്ങളൊഴുക്കിയ വിയർപ്പിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം. ഓരോ പാർട്ടി പ്രവർത്തകനും ഈ ലക്ഷ്യത്തെ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് അവസാന നിമിഷവും ഒരു ടൈമറിലെന്ന പോലെ അക്കങ്ങൾ മാറി മറിഞ്ഞ പണക്കണക്ക്. നിസ്വാർത്ഥമായി ഈ പാർട്ടിയെ സ്നേഹിക്കുകയും, അതിന്റെ ഓരോ ഉയർച്ചകളിലും മനസ്സ് നിറഞ്ഞു സന്തോഷിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരെ നിങ്ങൾക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..

പാർട്ടി പ്രവർത്തകർ കൈനീട്ടി ചെന്നപ്പോൾ മടിയേതുമില്ലാതെ തങ്ങളുടെ പണപ്പെട്ടി തുറന്ന് കൊടുത്ത പൊതുസമൂഹത്തെ ഈ സ്വപ്ന യാത്രയിൽ വിസ്മരിക്കാവുന്നതല്ല. മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും, നാളിതുവരെ മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച നിലപാടുകളോടുള്ള ഐക്യപ്പെടലും, അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലുള്ള വിശ്വാസവും തന്നെയാണ് നിങ്ങളെ ഞങ്ങളോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചതെന്നറിയാം. തുടർന്നങ്ങോട്ടും ആ മൂല്യങ്ങളൊക്കെ നിലനിർത്തി മുന്നോട്ട് പോകുമെന്ന് ഉറപ്പ് തരുന്നു. ഞങ്ങളുടെ സ്വപ്ന യാത്രയിൽ പിന്തുണച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..

പ്രതാപങ്ങളുടെ ദില്ലിയിൽ നമ്മുടെ പാർട്ടിക്കും ഇനി സ്വന്തമായൊരു മേൽവിലാസമുണ്ടാകും. ഖാഇദേ മില്ലത്ത് സെന്ററിന്റെ മുകളിൽ ഇന്ദ്രപ്രസ്ഥത്തിന്റെ തെളിഞ്ഞ ആകാശത്ത് ഉയർന്ന് പറക്കുന്ന ഹരിത പതാക കണ്ട് അഭിമാനത്തോടെ നമുക്കും പുളകിതരാകാം. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റം രാജ്യവ്യാപകമായി കൂടുതൽ ചടുലവും, സംഘടിതവുമാക്കാൻ ഖാഇദേ മില്ലത്ത് സെന്റർ വേദിയാകട്ടെ…
അണയാത്ത പ്രതീക്ഷകളോടെ, കൂടുതൽ ആത്മ വിശ്വാസത്തോടെ നമുക്ക് മുന്നോട്ട് കുതിക്കാം..

നന്ദി,
ചേർന്ന് നിന്നവർക്ക്, കൂടെ നടന്നവർക്ക്, പിന്തുണച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി…

webdesk15: