X
    Categories: MoreViews

പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

 

മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈന്‍ സമരത്തിന്റെ ഭാഗമായവരെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാനുള്ള നീക്കം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതി നിറുത്തിവെച്ച് ഗെയില്‍ അധികൃതരും സര്‍ക്കാരും സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം നടത്തുന്നവരുടെ കൂട്ടത്തില്‍ സി.പി.എം പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുണ്ടെന്നും പ്രദേശികമായ വികാരം അധികൃതര്‍ ഗൗരവമായി എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. മുക്കത്തെ ജനകീയ സമരം പൊലീസിനെയുപയോഗിച്ച് അടിച്ചമര്‍ത്തുകയല്ല, ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. സമവായത്തിലൂടെ ജില്ലയില്‍ തന്നെ പല ഭാഗത്തും പദ്ധതിയുടെ പൈപ്പ് ഇടാന്‍ ജനങ്ങള്‍ സന്നദ്ധരായതാണ്. അഞ്ചും, പത്തും സെന്റ് ഭൂമിയുള്ളവരുടെ ആശങ്കയാണ് ഇപ്പോള്‍ കാണുന്നത്. സര്‍ക്കാര്‍ അക്കാര്യം മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പാക്കാന്‍ ഗെയില്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫും തയ്യാറാണ്. പദ്ധതി നിറുത്തിവെച്ച് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: