അഭിമുഖം: പി.സി ജലീല്‍
ദലിതരും ന്യൂനപക്ഷങ്ങളും ഇത്രമേല്‍ വേട്ടയാടപ്പെടുകയും സാധാരണ ജനം ഇത്രമാത്രം ഭയവിഹ്വലരാവുകയും ചെയ്ത ഒരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും മാനിക്കാത്ത ഇത്രയും ജനവിരുദ്ധമായ മറ്റൊരു കേന്ദ്ര സര്‍ക്കാറും രാജ്യത്ത് മുമ്പില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും വിയോജിക്കുന്നവരെയെല്ലാം അധികാരത്തിന്റെ തണലില്‍ ഉന്മൂലനം ചെയ്യുകയും മനുഷ്യന്റെ ഭക്ഷണ സ്വാതന്ത്ര്യത്തെപോലും ഹനിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഏറ്റവും പ്രാകൃതമായ ഒന്നാണ്. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമായിതീര്‍ന്നിരിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കാനുള്ള അവസരം പോലും ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും നിഷേധിക്കുകയാണ്. രാജ്യത്തെ നിയമനിര്‍മ്മാണത്തിന്റെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ പോലും തുറന്ന ചര്‍ച്ചകളെ ഭയപ്പെട്ട് ബഹളമയമാക്കുന്ന രീതിയാണ് ഉത്തരവാദപ്പെട്ട ഭരണകക്ഷിയില്‍ നിന്നുണ്ടാകുന്നത്. ഈ വിപത്ത് മുന്നില്‍ കണ്ട് രാജ്യസ്‌നേഹികളായ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തന്റെ പാര്‍ലമെന്റ് പ്രവേശത്തിന്റെ ആദ്യ ദിനങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.
കാല്‍ നൂറ്റാണ്ടുകാലം ലോക്‌സഭാംഗവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ. അഹമ്മദ് മരണപ്പെട്ട ഒഴിവില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് റിക്കാര്‍ഡ് നേട്ടങ്ങളോടെയാണ് മൂന്ന് പതിറ്റാണ്ട് നിയമസഭാംഗവും മുന്‍ കേരള വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
? കഴിഞ്ഞ ദിവസം മലപ്പുറം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റംഗമായി താങ്കള്‍ സത്യപ്രതിജ്ഞ ചെയ്തു. ജനാധിപത്യത്തിന്റെ പരമോന്നത സഭയിലെത്തിയ ആദ്യ ദിനം എങ്ങനെയൊക്കെ അനുഭവപ്പെട്ടു
അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പല റോളുകളില്‍ കേരള നിയമസഭയിലുണ്ടായിരുന്നതിനാല്‍ മനസ്സില്‍ പരിചയക്കുറവിന്റെ അങ്കലാപ്പുകളൊന്നുമുണ്ടായിരുന്നില്ല. ലോക്‌സഭാ നടപടിക്രമങ്ങളെയും സാധാരണ പോലെയാണ് അനുഭവപ്പെട്ടത്. ലോക്‌സഭയില്‍ ഈ ആഴ്ചയൊന്നും സംസാരിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. രാജ്യം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ബഹിഷ്‌കരണത്തിലായിരിക്കും സഭ മുന്നോട്ടുപോവുകയെന്നാണ് തോന്നുന്നത്. മുസ്‌ലിംലീഗിന് നല്ല ഒരു ടീം പാര്‍ലമെന്റനികത്തുണ്ടെന്ന് എനിക്ക് അനുഭവപ്പെടുന്നു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബും നല്ല കൂടിയാലോചനകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും പരസ്പര സഹകരണങ്ങള്‍ക്കും അവസരമൊരുക്കുന്നതുകൊണ്ട് പാര്‍ലമെന്റില്‍ എനിക്കു സന്തോഷകരമായ ഒരു സാഹചര്യമാണുള്ളത്.
? സത്യപ്രതിജ്ഞ ചെയ്തിറങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താങ്കളെ അഭിവാദ്യം ചെയ്യുന്നത് കണ്ടു.
മുന്‍ കേന്ദ്രമന്ത്രിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ല എന്ന സീനിയര്‍ നേതാവ് സത്യപ്രതിജ്ഞ ചെയ്ത് എല്ലാവരെയും ഹസ്തദാനം ചെയ്യുകയായിരുന്നു. എനിക്കപ്പോള്‍ തോന്നിയത് ഈക്വല്‍സ് തമ്മിലല്ലേ അങ്ങനെ ഹസ്തദാനം ചെയ്യാവൂ എന്നാണ്. എനിക്ക് അത്തരമൊരിടം പാര്‍ലമെന്റിലുണ്ടെന്നു തോന്നിയില്ല. പരിചയവും കുറവ്. എന്റെ ഭാഗത്ത് നിന്നു ഒന്നും കൂടുതലാകേണ്ടെന്ന് ആഗ്രഹിച്ചു. ഞാന്‍ എല്ലാവരെയും മൊത്തത്തില്‍ അഭിവാദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി എഴുന്നേറ്റു നിന്നത് ഞാന്‍ ആദ്യം കണ്ടിരുന്നില്ല. കുറച്ചു നടന്നു നീങ്ങിയപ്പോഴാണ് അത് ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ പിന്നെ നമ്മളും മര്യാദ കാണിക്കണമല്ലോ. അതല്ലെങ്കില്‍ അനാദരവാകും. അങ്ങനെയാണ് തിരിച്ചുചെന്ന് അദ്ദേഹത്തെ ഹസ്തദാനം ചെയ്തത്.
? രാജ്യത്തിന്റെ മതേതര സ്വഭാവം നിര്‍ണ്ണയിച്ച നിരവധി ലോക്‌സഭാംഗങ്ങളെ ഭാരതത്തിനു സമ്മാനിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മഹത്വമേറിയ അത്തരം നേതാക്കളുടെ ദൗത്യത്തിന്റെ ഇരിപ്പിടത്തിലേക്കു കടന്നുചെല്ലുമ്പോള്‍ അവരെയൊക്കെ എങ്ങനെ ഓര്‍ത്തുപോയി.
ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പോക്കര്‍ സാഹിബിനെയും മറ്റുമെല്ലാം അവരുടെ പാര്‍ലമെന്റ് ഇടപെടലുകള്‍ അനുസ്മരിച്ച് ഞാന്‍ ഏറെ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അവരിരുന്ന സ്ഥലത്ത് എത്താന്‍ എനിക്കും അവസരം വന്നെത്തിയിരിക്കുന്നു. വലിയ ദൗത്യമാണത്. വലിയ വെല്ലുവിളിയാണത്. അവരുടെയൊക്കെ കാലഘട്ടത്തെ ഞാന്‍ ആ സമയത്ത് ഓര്‍ത്തുപോയി. അവരുടെ പ്രസംഗങ്ങളൊക്കെ പാര്‍ലമെന്റ് ലൈബ്രറിയില്‍ നിന്നു കണ്ടെത്തി വായിക്കണം. അവയിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് അവരുടെ കാലഘട്ടത്തെയും അടുത്തറിയാനാവും. അവരുടെ കാലഘട്ടം നമ്മുടെ മുമ്പില്‍ വരും. അപ്പോള്‍ അവരുടെ ദൗത്യത്തിനൊപ്പം നില്‍ക്കാന്‍ നമുക്കും ധൈര്യവും കരുത്തും ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സി.എച്ച് മുഹമ്മദ് കോയാ സാഹിബിലൂടെയും ബനാത്ത് വാലയിലൂടെയും ഈ രംഗത്ത് ഏറെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ നമുക്ക് ലഭിച്ചു. അഹമ്മദ് സാഹിബിന്റെ കാലത്ത് അതില്‍ ചരിത്രം തിരുത്തി. അദ്ദേഹത്തിന് ഭരണ പദവിയിലിരിക്കാന്‍ അവസരമുണ്ടായി. ഞാന്‍ തീര്‍ത്തും പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് ഇവിടെ വന്നിരിക്കുന്നത്. അതിന്റെ പ്രയാസങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്ന ഉറച്ച ബോധ്യവുമുണ്ട്.
? മുസ്്‌ലിംലീഗിന്റെ ദേശീയ രാഷ്ട്രീയത്തിലെ ഭാഗധേയത്തില്‍ മുമ്പില്ലാത്ത വിധമുള്ള ഒരു ചലനാത്മകതക്കൊപ്പമാണ് താങ്കള്‍ പാര്‍ലമെന്റിലേക്ക് കാലെടുത്തുവെക്കുന്നത്. ഇത് എത്രത്തോളം സംതൃപ്തി പകരുന്നുണ്ട്.
അതൊരു അനുകൂല സാഹചര്യമാണ്. അതില്‍ വലിയ സന്തോഷമുണ്ട്. പാര്‍ട്ടി ഘടകങ്ങള്‍ ശക്തമായ പ്രവര്‍ത്തന പരിപാടിയുമായി ദേശീയ തലത്തില്‍ കരുത്താര്‍ജ്ജിക്കുകയാണ്. പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ വലിയ ചലനമാണുണ്ടാക്കിയത്. ഇതെല്ലാം സത്യപ്രതിജ്ഞാ വേളയില്‍ തന്നെ നടന്നത് യാദൃച്ഛികമാണെങ്കിലും സന്തോഷം പകരുന്നതാണ്. ഈ ചലനാത്മകത നിലനിര്‍ത്തിക്കൊണ്ടുപോവുകയാണ് പ്രധാനം. പുതിയ പ്രവര്‍ത്തന പരിപാടികള്‍ ദേശീയ തലത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇ. അഹമ്മദ് സാഹിബ് വളര്‍ത്തിയിട്ട ഒരു കളരി ഇവിടെയുണ്ട്. അത് മുന്നോട്ടുകൊണ്ടുപോവണം. വലിയ ആവേശമുണ്ടെങ്കിലും വെല്ലുവിളികള്‍ വലുതാണെന്ന് ഉറപ്പാണ്. എല്ലാ നിലക്കും ഫാസിസ്റ്റ് മനോഭാവത്തോടെ രാജ്യം അടക്കി വാഴണമെന്നാണ് ബി.ജെ.പി കരുതുന്നത്. പഴയകാല രീതികള്‍ പലതും മാറുകയാണ്. അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തന ശൈലി പലതും മാറേണ്ടിവരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ആവേശം നിലനിര്‍ത്താനായാല്‍ ദേശീയ തലത്തില്‍ മുസ്‌ലിംലീഗ് ഒരു ശക്തമായ സാന്നിധ്യമായി മാറും എന്ന് എനിക്കുറപ്പുണ്ട്.
? ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ കാണുന്നു
തീര്‍ത്തും അന്യായമായ കൊലപാതകങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. ഇതൊന്നും സംഭവിക്കാന്‍ പാടുള്ളതല്ല. ഹരിയാനയില്‍ ജുനൈദിന്റെ കൊലപാതകം ഏറെക്കാലം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഇന്ത്യയുടെ സംസ്‌കാരത്തിനും ആത്മാവിനും നിരക്കാത്ത കാര്യങ്ങളാണ് അരങ്ങേറുന്നത്. ഇത് തടയാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തെ മതേതര പാര്‍ട്ടികള്‍ പൂര്‍വാധികം ശക്തമായി ഐക്യപ്പെടണം. കരുത്തുറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ വളരണം. രാജ്യത്ത് ശാന്തിയും സമാധാനവും ശക്തിപ്പെടാന്‍ മാത്രമാകണം ഇതെല്ലാം.
? പുതിയ ദൗത്യത്തില്‍ എങ്ങനെയൊക്കെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകാമെന്നാണ് വിചാരിക്കുന്നത്.
ഒരു പരീക്ഷണത്തിന് പാര്‍ട്ടിയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും എന്നെ നിയോഗിച്ചിരിക്കുകയാണ്. നമുക്ക് അരയും തലയും മുറുക്കി രംഗത്തിറങ്ങിനോക്കാം. നിരവധി കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്.