രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാമെന്ന ബി.ജെ.പിയുടെ മോഹം വിലപ്പോവില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫാസിസത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തിലും സ്വാതന്ത്ര്യത്തിലും ഭക്ഷണരീതിയിലുമൊക്കെ ഫാസിസം തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ബഹുസ്വരതയെ മാനിച്ചുകൊണ്ടാണ് എല്ലാ ഭരണാധികാരികളും രാജ്യം ഭരിച്ചത്. വിവിധ മതസ്ഥരായ ഭരണാധികാരികള്‍ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം രാജ്യത്തെ ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നു. ജനാധിപത്യം നിലനിര്‍ത്തി എല്ലാ സമുദായങ്ങളെയും അംഗീകരിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടെത്. അതിന് വിഘാതമാകുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചെറുക്കപ്പെടണം.
ന്യൂനപക്ഷ- ദലിത് പീഡനത്തിനെതിരെ കേരളത്തിലും ഡല്‍ഹിയിലും നടക്കുന്ന പോരാട്ടത്തില്‍ മുസ്‌ലിം ലീഗ് മുന്‍നിരയിലുണ്ടാകും. പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ ഉറച്ച നിലപാടോടെ പോരാടും. യാതൊരു കുഴപ്പത്തിനും പോകാത്ത നിരപരാധികളായവരെ നിഷ്‌കരുണം കൊല്ലുകയാണ്. മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നതാണ് അവരുടെ മേല്‍ ഫാസിസ്റ്റുകള്‍ കാണുന്ന കുറ്റം. കഴിഞ്ഞ ദിവസമായി പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റില്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ രാജ്യത്തൊട്ടാകെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്.
ചത്ത മൃഗങ്ങളുടെ തോല്‍ ഉരിച്ച് വില്‍പന നടത്തിയിരുന്ന ദലിത് സമൂഹത്തെ അവരുടെ പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. ലെതര്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് മൃഗങ്ങളുടെ തോല്‍ കൊണ്ടാണ്. ചെരുപ്പും ബാഗുമൊക്കെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തോല്‍ ഉണ്ടാകണമെങ്കില്‍ മൃഗങ്ങളെ വളര്‍ത്തണം. ഇപ്പോള്‍ മൃഗങ്ങളെ വളര്‍ത്താന്‍ കര്‍ഷകന് കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ ജീവിക്കാനുള്ള അവകാശത്തിന് മേലള്ള കടന്നുകയറ്റത്തെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, അഡ്വ. കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ.എ.യൂനുസ്‌കുഞ്ഞ്, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.