X

മുസ്‌ലിം സംവരണം അട്ടിമറിക്കുന്ന സർക്കാർ നീക്കം അംഗീകരിക്കാനാവില്ല – പി.കെ ഫിറോസ്

കോഴിക്കോട് : സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്നും സംവരണം നിലനിർത്താനുള്ള നടപടികൾ സർക്കാർ കൈകൊള്ളണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം നടപ്പിലാക്കാനാണെന്ന വാദം ഉയർത്തിയാണ് രണ്ട് ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറക്കുന്നത്. 2019 ഒക്ടോബറിലാണ് ഇത്തരത്തിലുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ ഇതിനെതിരെ  നിയമസഭയിൽ തന്നെ പ്രതിഷേധം ഉയർത്തി ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഉത്തരവിൽ യാതൊരു തിരുത്തലും വരുത്താതെയാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇത് മുസ്‌ലിം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാർക് സംവരണം ഉറപ്പ് വരുത്തേണ്ടതാണെന്നും അതിന് മുസ്‌ലിം സംവരണത്തെ ഇല്ലാതാക്കരുതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

webdesk15: