തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
യോഗത്തില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ രാജി പ്രഖ്യാപിച്ച മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയാണ് സുധീറിന്റെ നിയമനമെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോയതെന്നും ജയരാജന്‍ യോഗത്തില്‍ വിശദീകരിച്ചു.
എന്നാല്‍ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്നും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ വ്യക്തമാക്കി.
ജാഗ്രത കാട്ടിയില്ലെന്നു മുതിര്‍ന്ന നേതാക്കളും കുറ്റപ്പെടുത്തി. എ.കെ.ബാലന്‍, എളമരം കരീം, പി.കെ.ഗുരുദാസന്‍ തുടങ്ങിയവരാണ് വിമശിച്ചത്.
അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമേറ്റ ആഘാതത്തില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്തേക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് സുധീറിനെ ഒഴിവാക്കുകയും എം. ബീനയ്ക്ക് പകരം ചുമതല നല്‍കുകയും ചെയ്തു.
സുധീറിനെ നിയമിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.
അതേസമയം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ മറ്റൊരു നിയമനവിവാദത്തിന് നേരത്തെ ശ്രീമതി മറുപടിയുമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ അറിവോടെയായിരുന്നു തന്റെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചായിരുന്നു ശ്രീമതിയുടെ മറുപടി. എന്നാല്‍ വിഷയത്തില്‍ പിണറായി എതിര്‍ത്ത പ്രതികരിച്ചോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീമതിയുടെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്നും കാണാതായി.